കൊല്ലം: അഞ്ചലില്‍ ഭര്‍ത്തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ പാമ്പു കടിച്ചു കൊന്ന സംഭവം കൊലപാതകം. ഏറം വെള്ളശേരിയില്‍ വീട്ടില്‍ ഉത്ര (25)യെ കൊലപ്പെടുത്തിയതാണെന്ന് ഭര്‍ത്താവ് സൂരജ് പോലീസിനോട് സമ്മതിച്ചു. ഉത്ര മരിച്ചെന്ന് ഉറപ്പു വരുത്തുക മാത്രമല്ല, രാവിലെ വരെ പാമ്പു കടിയേല്‍ക്കാതിരിക്കാന്‍ ഉണര്‍ന്നിരിക്കുകയും ചെയ്തുവെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

പാമ്പുപിടുത്തക്കാരനായ കല്ലുവാതുക്കല്‍ സ്വദേശിയായ സുഹൃത്ത് സുരേഷില്‍ നിന്നും പതിനായിരം രൂപ നല്‍കി പാമ്പിനെ വാങ്ങിയാണ് കൊലപാതകം ആസൂത്രണം ചെയ്തത. രാത്രിയില്‍ ഉറക്കഗുളിക നല്‍കിയ ശേഷമാണോ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചതെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്. ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ ഉണരുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഉത്ര ഉണര്‍ന്നില്ല. അതിന്റെ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു അന്വേഷണ സംഘം.

സൂരജിനെയും സഹായിയായ പാമ്പുപിടുത്തക്കാരനായ സുഹൃത്തിനെയും മണിക്കൂറുകളോളമാണ് പൊലീസ് ചോദ്യം ചെയ്തത്. പാമ്പ് കടിയേറ്റ ദിവസം ഉത്രയുടെ 92 പവന്‍ സ്വര്‍ണ്ണം ലോക്കറില്‍ നിന്നും എടുത്തിരുന്നതായി പോലീസ് കണ്ടെത്തി. സാമ്പത്തികം ലക്ഷ്യമിട്ടാണ് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് സൂരജ് പോലീസിനോട് സമ്മതിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here