തിരുവനന്തപുരം | സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ അരങ്ങേറുന്നത് രാഷ്ട്രീയ സമരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പദ്ധതി നേരിട്ടു ബാധിക്കുന്നവരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറാണ്. പദ്ധതിയുടെ പേരില്‍ ജനങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാനല്ല സര്‍ക്കാര്‍ നോക്കുന്നതെന്നും പാര്‍ട്ടി വികസനരേഖ പ്രകാശനം ചെയ്തുകൊണ്ട് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
പ്രതിപക്ഷത്തിന്റെ രാഷ്ട്രീ സമരത്തെ രാഷ്ട്രീയമായി തന്നെ നേരിടും. ജനങ്ങളെ കൂടെ നിര്‍ത്താനാണ് സര്‍ക്കാര്‍ നോക്കുന്നത്. സമരം നടത്തേണ്ടവര്‍ക്ക് നടത്താം. പോലീസിനു മാര്‍ഗതടസ്സം സൃഷ്ടിച്ചാല്‍ അതിനെ നീക്കാനുള്ള നടപടിയുണ്ടാകും. ഒന്നും ചെയ്യാന്‍ സമ്മതിക്കില്ലെന്ന ചിലരുടെ നിലപാടിന് വഴങ്ങിയാല്‍ സര്‍ക്കാരുണ്ടാകില്ല. വെടിവെയ്പ്പുണ്ടാക്കി ‘നന്ദിഗ്രാം’ സൃഷ്ടിക്കാനാണ് ശ്രമമെങ്കില്‍ അതിനു കഴിയില്ല. ഗെയില്‍ പദ്ധതിക്കെതിരേയും ഇടമണ്‍-കൊച്ചി വൈദ്യുതി ലൈനിനെതിരേയും സമരം നടന്നിട്ടുണ്ട്. തടസ്സം നോക്കിനിന്നാല്‍ പദ്ധതി നടിപ്പിലാകില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പഠനം നടത്താനാണ് കല്ലിടുന്നത്. അല്ലാതെ കല്ലിടുന്ന ഭാഗം മുഴുവനായി ഏറ്റെടുക്കുന്നില്ല. ബിജെപി, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയവരുമായി ചേര്‍ന്ന് മാര്‍ക്സിസ്റ്റ് വിരുദ്ധ മുന്നണി രൂപീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും കോടിയേരി ആരോപിച്ചു. അതേസമയം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ കരുണാകരനെ കോടിയേരി പുകഴ്ത്തുകയും ചെയ്തു. മുമ്പ് ബൈപ്പാസ് വികസനവുമായി ചെന്നപ്പോള്‍ കരുണാകരന് ഉറച്ച നിലപാടെടുത്തുവെന്നും അതിനാലാണ് തലശ്ശേരി-മാഹി ബൈപ്പാസ് യാഥാര്‍ഥ്യമായതെന്നും കോടിയേരി വ്യക്തമാക്കി.