ചെങ്ങന്നൂരില്‍ വലഞ്ഞ് ഇടത് കേന്ദ്രങ്ങള്‍; കൊലപാതക വാര്‍ത്ത എത്താതിരിക്കാന്‍ കേബിളുകള്‍ മുറിച്ചെന്ന് ആരോപണം

0

കോട്ടയം സ്വദേശിയായ യുവാവിനെ പുനലൂരില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവവും പോലീസിന്റെ വീഴ്ചയും വന്‍വിമര്‍ശനമായി ഉയരുന്നത് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോയെന്ന് ഇടത്‌കേന്ദ്രങ്ങളില്‍ ആശങ്ക. വാര്‍ത്ത നാട്ടുകാരില്‍ എത്താതിരിക്കാന്‍ ഇടത്പ്രവര്‍ത്തകര്‍ പ്രാദേശിക ചാനല്‍ കേബിളുകള്‍ നശിപ്പിച്ചെന്ന് കോണ്‍ഗ്രസ് ബി.ജെ.പി. പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധൂസഹോദരനും സംഘവും തട്ടിക്കോണ്ടുപോയതായി പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം നടത്തിയില്ല. ഇന്ന് രാവിലെയാണ് കെല്‍വിനെ കൊലപ്പെടുത്തിയനിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. കെല്‍വിനെ തട്ടിക്കോണ്ടുപോയതായി പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കാത്തതില്‍, ഭാര്യ പോലീസ് സ്‌റ്റേഷനുമുന്നില്‍ കഴിഞ്ഞ ദിവസം കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

പ്രതികളില്‍ 12 പേര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്. ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ഈ വാര്‍ത്ത പുറത്തുവന്നത്. വോട്ടര്‍മാരുടെ ഇടയിലേക്ക് ഇക്കാര്യങ്ങള്‍ എത്തിക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും പെടാപ്പാടാണ്‌ െപടുന്നത്.

വാട്‌സാപ്പിലൂടെയും നവമാധ്യമങ്ങളിലൂടെയും ഈ വാര്‍ത്ത പ്രചരിക്കുന്നതും ഇടതുപക്ഷത്തെ അങ്കലാപ്പിലാക്കി. ഇതോടെയാണ് ഡി.വൈ.എസ്.പിയെയടക്കം സ്ഥലംമാറ്റിയത്. എസ്.ഐയടക്കമുള്ളവരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കെല്‍വിന്റെ സ്വദേശമായ കോട്ടയത്തേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചിട്ടുണ്ട്. ചടുലമായ നീക്കങ്ങളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ഇബ്രാഹീംകുട്ടിയുടെ വാഹനം ഓടിച്ചിരുന്ന നിയാസ് ഡി.വൈ.എഫ്.ഐയുടെ തെന്മല യൂണിറ്റ് സെക്രട്ടറിയാണ്. പിടിയിലായ ഇഷാനും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്. മറ്റു പത്തു പേര്‍ക്കും ഡി.വൈ.എഫ്.ഐ ബന്ധമുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെയാണ് ഇടതുക്യാമ്പിനെ ഞെട്ടിക്കുന്നത്.

അതിക്രൂരമായ മര്‍ദ്ദനമേറ്റാണ് കെല്‍വിന്‍ കൊല്ലപ്പെട്ടത്. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലാണ്. ബന്ധുക്കള്‍ എത്തിയശേഷം മാത്രമേ ഇന്‍ക്വിസ്റ്റ് നടപടികള്‍ എടുക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. നാട്ടുകാരടക്കം പോലീസിന്‌നേരെ തിരിഞ്ഞതോടെ തെന്മലയില്‍ ഇപ്പോള്‍ സംഘര്‍ഷാവസ്ഥയാണ്.

ഉച്ചയ്ക്ക് ഒരുമണിയോടെതന്നെ 50 ശതമാനത്തിലധികംപേര്‍ ചെങ്ങന്നൂരില്‍ വോട്ടുരേഖപ്പെടുത്തി. പോളിങ്ബൂത്തിലെത്തുന്ന ബാക്കി വോട്ടര്‍മാരെങ്കിലും പൂര്‍ണ്ണമായും ഈ വാര്‍ത്ത അറിഞ്ഞവരാകും. പോലീസിന്റെ വീഴ്ച തെരഞ്ഞെടുപ്പ്ഫലത്തെ ബാധിക്കുമെന്ന് ഉറപ്പിച്ചുപറയാവുന്ന സാഹചര്യമാണ് ഇടതിനെ വെട്ടിലാക്കിയത്. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായിവിജയന്റെ കോലംകത്തിച്ചു. ബി.ജെ.പി. നേതൃത്വവും മുഖ്യമന്ത്രിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here