തിരുവനന്തപുരം: അഖിലിനു കുത്തേറ്റതിനു പിന്നാലെ യൂണിവേഴ്‌സിറ്റി കോളജില്‍ പോലീസ് എത്തുമ്പോള്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. കുത്തിയവര്‍ കോളജിനുള്ളിലുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ‘പൊട്ടന്‍കളിച്ച’ പോലീസ് ഇപ്പോഴും അവര്‍ക്കായി അന്വേഷണത്തിലാണ്.

മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ആറ്റുകാല്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ അഖില്‍ ചന്ദ്രനെ കുത്തിയ കേസിലെ പ്രതികള്‍ യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, സെക്രട്ടറി എ.എന്‍. നസീം എന്നിവരടക്കമുള്ളവരാണ്. ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് നിയമക്കുരിക്ക് ഒഴിവാക്കിയതിനപ്പുറം ‘എന്തോ ഒന്നിനായി’ കാത്തിരിക്കുന്ന സമീപനമാണ് അന്വേഷണ സംഘത്തിനെന്ന് തോന്നിപ്പിക്കുന്നതാണ് പിന്നീടുള്ള നടപടികള്‍.

ക്രമസമാധാന ചുമതലയുള്ള ഡി.സി.പിയാണ് കേസ് അന്വേഷിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ വ്യക്തമാക്കി. പ്രതികളെ ഉടന്‍ പിടികൂടാന്‍ കമ്മിഷണര്‍ വയര്‍ലെസിലൂടെ നിര്‍ദേശം നല്‍കിയിട്ടും കേട്ടഭാവം ഉദ്യോഗസ്ഥര്‍ക്കില്ല. പ്രതികളുടെ സ്ഥിരം കേന്ദ്രങ്ങളായ പാര്‍ട്ടി ഓഫീസുകളിലും സ്റ്റുഡന്‍സ് സെന്ററിലുമൊന്നും അന്വേഷണ സംഘം കയറില്ല. സെക്രട്ടേറിയറ്റിനു മുന്നിലൂടെ പ്രതി പോകുന്നതു കണ്ടുവെന്ന വിദ്യാര്‍ത്ഥികള്‍ നല്‍കിയ വിവരത്തോടും അവര്‍ പ്രതികരിച്ചില്ല.

പ്രതികളുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ സി.പി.എമ്മിന്റെ കേന്ദ്രങ്ങളാണ്. ജനുവരിയില്‍ മെഡിക്കല്‍ കോളജ് സ്‌റ്റേഷനില്‍ കയറി എസ്.ഐയെ ആക്രമിച്ച ഡി.വൈ.എഫ്.ഐ നേതാവിനെ പിടിക്കാന്‍ അന്നത്തെ ഡി.സി.പി ചൈത്ര തെരേസ ജോണ്‍ സി.പി.എം ഡി.സിയില്‍ കയറിയതിന്റെ ആവര്‍ത്തനം പോലീസുകാര്‍ ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ തന്നെ പ്രധാന പ്രതികള്‍ കീഴടങ്ങിയാല്‍ അറസ്റ്റു നടക്കുമെന്ന സ്ഥിതിയിലേക്ക് പോലീസ് ആക്ഷന്‍ ഒതുങ്ങുമെന്നാണ് സൂചന. അതുവരെ പേരിനു വേണ്ടി പൗഡിക്കോണം വരെയൊക്കെ പോകും പിന്നെ ചിലരൊയൊക്കെ കസ്റ്റഡിയിലുമെടുക്കും. നേമത്തു നിന്നു ഒരു പ്രതിയെ പിടികൂടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here