പുറത്താക്കിയ നോട്ടീസ് സർവ്വകലാശാല സെനറ്റ് അംഗങ്ങൾക്കു കൈമാറി, അംഗങ്ങൾ കോടതിയെ സമീപിച്ചു

തിരുവനന്തപുരം | കേരള സർവകലാശാലയിൽ ഗവർണർ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങൾക്ക് ഇതു സംബദ്ധിച്ച അറിയിപ്പ് രജിസ്ട്രാർ കൈമാറി. രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾപ്പെടെ 15 പേർക്ക് നവംബർ നാലിലെ പ്രത്യേക സെനറ്റ് യോഗത്തിൽ പങ്കെടുക്കാനാവില്ല. പുറത്താക്കലിനെതിരെ അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. പുറത്താക്കൽ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി പകരം നിയമനം നടത്തരുതെന്ന് ചാൻസലോട് നിർദ്ദേശിച്ചു.

നവംബർ നാലിനും നവംബർ 19 നും വിളിച്ചു ചേർത്തിട്ടുള്ള സെനറ്റ് യോഗങ്ങളിൽ പങ്കെടുക്കുവാൻ അയച്ചിട്ടുള്ള ക്ഷണക്കത്ത് ഗസറ്റ് വിജ്ഞാപനത്തെ തുടർന്ന് പിൻവലിച്ചതായി കണക്കാക്കപ്പെടും. നാലാം തീയതി ചേരുന്ന സെനറ്റ് യോഗം സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തെരഞ്ഞെടുക്കുമെന്ന് മന്ത്രി ആർ.ബിന്ദു അറിയിച്ചിരുന്നുവെങ്കിലും സെനറ്റ് അംഗങ്ങൾക്കുള്ള അറിയിപ്പിൽ ഈ വിഷയം അജണ്ടയായി ഉൾപ്പെടുത്തിയിട്ടില്ല.

സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഗവർണറുടെ ഉത്തരവ് പിൻവലിച്ചശേഷം മാത്രമേ സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കുകയുള്ളു എന്നായിരുന്നു സിപിഎം അംഗങ്ങളുടെ നിലപാട്. കമ്മിറ്റിയുടെ മൂന്നു മാസത്തെ കാലാവധി നവംബർ 4 ന് അവസാനിക്കുമെന്നതിനാലാണ് നാലിനു ചേരുന്ന സെനറ്റ് യോഗം പ്രതിനിധിയെ നിശ്ചയിക്കുമെന്ന് മന്ത്രി അറിയിച്ചത്. എന്നാൽ കമ്മിറ്റിയുടെ കാലാവധി വീണ്ടും മൂന്ന് മാസം കൂടി ഗവർണർ നീട്ടിയത് സിപിഎം അംഗങ്ങളുടെ നിലപാട് പുനഃപരിശോധിക്കുന്നതിന് തടസ്സമായിട്ടുണ്ട്. താൽക്കാലിക ചുമതലയുള്ള വിസി യുടെ അധ്യക്ഷതയിലാവും സെനറ്റ് യോഗം ചേരുക.

അതിനിടെ നോട്ടീസ് ലഭിച്ച പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങൾ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് അടുത്ത ദിവസം ഹൈക്കോടതിയെ സമീപിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.

Kerala University senate members dismissal

LEAVE A REPLY

Please enter your comment!
Please enter your name here