കൊച്ചി| പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണത്തിന് സിപിഎം എംഎല്‍എ എ.രാജയ്ക്ക് അര്‍ഹതയില്ലെന്ന് കണ്ടെത്തിയാണ് നടപടി. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകള്‍ കാണിച്ചാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡി. കുമാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, ഇദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കാന്‍ കോടതി തയാറായില്ല.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി. കുമാറിനെതിരെ എ. രാജ 7847 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ക്രിസ്തുമത വിശ്വാസികളായ അന്തോണി-എസ്തര്‍ ദമ്പതികളുടെ മകനായി ജനിച്ച എ.രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്നും എ.രാജയുടെ ഭാര്യ ഷൈനിപ്രിയയും ക്രിസ്തുമത വിശ്വാസിയാണെന്നും ഇരുവരുടെയും വിവാഹം ക്രിസ്തുമത വിശ്വാസപ്രകാരമാണു നടന്നതെന്നുമാണു ഡി.കുമാറിന്റെ വാദം.
കോവിഡ് കാലത്തു കാലഹരണനിയമം ബാധകമല്ലെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഹര്‍ജി കാലഹരണപ്പെട്ടിട്ടില്ലെന്നും ജാതി സംബന്ധിച്ച തര്‍ക്കം വിശദമായി തെളിവെടുത്തു തീര്‍പ്പു കല്‍പിക്കണമെന്നും കോടതി കണ്ടെത്തി. ഡി.കുമാറിനു വേണ്ടി അഡ്വ. എം.നരേന്ദ്രകുമാറാണു ഹാജരായത്.