സ്ഥിതി വളരെ മോശമെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

0

തിരുവനന്തപുരം: നികുതി വരുമാനം ഉയര്‍ത്താനുള്ള ശ്രമം നോട്ട് നിരോധനം ഇല്ലാതാക്കി, വളര്‍ച്ചാ നിരക്ക് ആദ്യമായി ദേശീയ ശരാശരിയെക്കാള്‍ താഴെയെത്തി, സമ്പദ്‌വ്യവസ്ഥ തകിടംമറിയുകയും സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇടിയുകയും നിക്ഷേപത്തെ ബാധിക്കുകയും ചെയ്തു… സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് വ്യക്തമാക്കി ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍.

2015-16ല്‍ ദേശീയ വരുമാനത്തിന്റെ വളര്‍ച്ചാനിരക്ക് 8 ശതമാനമായിരുന്നു. 2016-17ല്‍ ഇത് 7 ശതമാനമായി കുറഞ്ഞു. 2015-16ല്‍ ആഭ്യന്തര ഉല്‍പാദനത്തിന്റെ ദേശീയ ശരാശരി 9.94 ശതമാനമായിരുന്നപ്പോള്‍ സംസ്ഥാന ശരാശരി 8.59 ശതമാനം മാത്രമാണ്. അതേസമയം, ജി.എസ്.ടിയെ തുടര്‍ന്ന് വരുംവര്‍ഷം വരുമാനം ഉയരുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  2016-17 റവന്യൂ ചെലവിന്റെ 30.69 ശതമാനവും ചെലവിട്ടത് ശമ്പളത്തിനാണ്. പെന്‍ഷനും കൂടിച്ചേരുമ്പോള്‍ ഇത് 47.46 ശതമാനമായി ഉയരും. ശമ്പളം, പെന്‍ഷന്‍, പലിശ ഇനങ്ങളില്‍ വന്‍ വര്‍ധനവുണ്ടായി. പത്താം ശമ്പള കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കിയതും ക്ഷേമപെന്‍ഷന്‍ കുടിശ്ശിക കൊടുത്തതും റവന്യൂ ചെലവ് കൂട്ടി. ഗള്‍ഫ് വരുമാനം കുറഞ്ഞതും പ്രതിസന്ധിയുണ്ടാക്കി. മൂല്യവര്‍ധിത നികുതി (വാറ്റ്) ഉള്‍പ്പെടെയുള്ള വില്‍പന നികുതി, സ്റ്റാമ്പ് രജിസ്‌ട്രേഷന്‍ ഫീസ്, എക്‌സൈസ് തീരുവ, വാഹന നികുതി, ഭൂനികുതി എന്നിവയാണ് സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ പ്രധാന സ്രോതസുകള്‍. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ മേഖലയില്‍ നിന്നുള്ള നികുതി വരുമാനത്തിന്റെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞതായും അവലോകന റിപ്പോര്‍ട്ടിലുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here