തിരുവനന്തപുരം: കേരളത്തില്‍ മൂന്നു പേര്‍ക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ടും, കാസര്‍കോട് ഒന്നും കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. 12,740 പേര് സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഇതില്‍ 270 പേര് ആശുപത്രിയിലാണ്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാപാര മേഖല ഏതാണ്ട് നിര്‍ജീവമായ അവസ്ഥയിലാണെന്ന് തിങ്കളാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗം വിലയിരുത്തി. ഇത് ദൈനംദിന ജീവിതത്തെതന്നെ ബാധിച്ചു. കച്ചവടക്കാര്‍ വലിയ പ്രതിസന്ധി നേരിടുന്നുവെന്ന് സര്‍ക്കാര്‍ മനസിലാക്കുന്നു. ഗതാഗത, ടൂറിസം മേഖലകളും തകര്‍ന്നപോലെയാണ്. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് കെ.എസ്.ആര്.ടി.സി. മാത്രം നേരിടുന്നത്. ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.