ജോസും ജോസഫും രണ്ടായി, രണ്ടിലയ്ക്കും ഓഫീസിനും വേണ്ടി ‘ഒര്‍ജിനല്‍’ തര്‍ക്കം തുടരും

0

കോട്ടയം/തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം വീണ്ടും പിളര്‍ന്നു. മാണിയെ അനുകൂലിക്കുന്നവര്‍ കോട്ടയത്ത് യോഗം ചേര്‍ന്ന് ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ജോസും കൂട്ടരും നടത്തിയ യോഗത്തെ തള്ളിയ പി.ജെ. ജോസഫ് യോഗം കൂടിയത് പിളര്‍ന്ന് പുറത്തുപോയെന്ന് പ്രഖ്യാപിച്ചു.

പാര്‍ട്ടിയുടെ നിലവിലെ സെക്രട്ടറി കെ.എ. ആന്റണി കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. അടച്ചിട്ട ഹാളില്‍ നടന്ന യോഗത്തില്‍ മുതിര്‍ന്ന നേതാവ് ഇ.ജെ. അഗസ്റ്റിയാണ് ജോസ് കെ. മാണിയെ നിര്‍ദേശിച്ചത്. യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ നിര്‍ദേശത്തെ പിന്താങ്ങുകയായിരുന്നു. ബദല്‍ യോഗമല്ല നടന്നതെന്ന് വിശദീകരിച്ച ജോസ് കെ മാണി തന്നെ തെരഞ്ഞെടുത്തവര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി അദ്ദേഹം ചുമതല ഏറ്റെടുക്കുകയും ചെയ്തു.

325 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തുവെന്നാണ് ജോസ് കെ. മാണി വിഭാഗം അവകാശപ്പെടുന്നത്. അതേസമയം, എട്ടു ജില്ലാ പ്രസിഡന്റുമാര്‍ പങ്കെടുത്തു. അഞ്ചില്‍ രണ്ട് എം.എല്‍.എമാരും എത്തിയിരുന്നു. സി.എഫ്. തോമസ് അടക്കമുള്ള മാണി വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ നിന്നു വിട്ടുനിന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മില്‍ താനുണ്ടാകുമെന്ന് സി.എഫ്. തോമസ് വ്യക്തമാക്കി. പാര്‍ട്ടിയുടെ പേര് തീരുമാനിച്ച അഞ്ചു പേരില്‍ ഒരാളാണ് താനെന്നും ഇരുകൂട്ടരെയും ഒരുമിച്ച് നിര്‍ത്താന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തു ദിവസത്തെ നോട്ടീസ് ഇല്ലാതെ, റിട്ടേണിംഗ് ഓഫീസര്‍ ഇല്ലാതെ കൂടിയ യോഗം പാര്‍ട്ടി ഭരണഘടനാ പ്രകാരം നിലനില്‍ക്കുന്നതല്ലെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് വ്യക്തമാക്കി. യോഗ തീരുമാനങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കിയ ജോസഫ്, ജോസ് കെ. മാണിയും കൂട്ടരും പുറത്തുപോയെന്നും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here