ജോസോ ജോസഫോ ? തമ്മിലടിച്ചു തീരാതിരിക്കാന്‍ ഒത്തുതീര്‍പ്പിലേക്ക്

0

കേരളത്തിന്റെ രണ്ടുജില്ലകളിലെ പിടിവച്ച് സംസ്ഥാനമൊട്ടുക്കും വേരുള്ള പാര്‍ട്ടിയെന്ന ഖ്യാതിയോടെ നില്‍ക്കുന്ന കേരളകോണ്‍ഗ്രസ് മാണി ജോസഫ് വിഭാഗങ്ങളുടെ തമ്മിലടിയില്‍ ഒത്തുതീര്‍പ്പിന് കളമൊരുങ്ങുന്നു. കെ.എം.മാണിയുടെ നിര്യാണത്തോടെ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്ക് പ്രതിസന്ധിയിലാണ്.

മാണിയുടെ മകന്‍ ജോസ് കെ. മാണിയും തലമുതിര്‍ന്ന നേതാവ് പി.ജെ. ജോസഫുമാണ് ചെയര്‍മാന്‍ സ്ഥാനത്തിന് പിടിവലി നടത്തുന്നത്. പാര്‍ട്ടി കൈവിട്ടുപോകുന്ന തിരിച്ചറിവിലാണ് ജോസ് കെ.മാണി വിഭാഗം നിലപാട് കടുപ്പിക്കുന്നത്. എന്നാല്‍ അനുകൂല സാഹചര്യം മുതലാക്കി കുടുംബവാഴ്ച അവസാനിപ്പിക്കാനാണ് ജോസഫിന്റെ നീക്കം. തമ്മിലടിച്ച് പിളര്‍ന്ന് ശക്തിക്ഷയിച്ച് ഇല്ലാതാകരുതെന്ന വികാരവും അണികള്‍ക്കിടയിലുണ്ട്. കോണ്‍ഗ്രസ് നേതാക്കളും സഭാനേതൃത്വങ്ങളും ഇത്തരത്തിലുള്ള ഉപദേശം നല്‍കിയതായാണ് സൂചന. ഇതോടെയാണ് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാന്‍ ഇരുവിഭാഗങ്ങളും തയ്യാറെടുക്കുന്നത്.

തല്‍ക്കാലം ആറുമാസത്തേക്കെങ്കിലും സി.എഫ്.തോമസിനെ ചെയര്‍മാനാക്കി പ്രതിസന്ധി പരിഹരിക്കാനും നീക്കമുണ്ട്. എങ്കില്‍ ജോസ് കെ. മാണി വര്‍ക്കിങ്‌ചെയര്‍മാനും. പി.ജെ.ജോസഫിനെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറാക്കും. ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറിനില്‍ക്കുന്നത് ക്ഷീണമാണെങ്കിലും ഒത്തുതീര്‍പ്പിന് വഴങ്ങാനാകും ജോസ് കെ. മാണി തീരുമാനിക്കുക. തല്‍ക്കാലം വിട്ടുവീഴ്ചയ്ക്കു തയ്യാറായാലും ഭാവിയില്‍ പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാനുള്ള യുവത്വം കൈയ്യിലുള്ളതാണ് ആ ആത്മവിശ്വാസത്തിന് കാരണം. എന്നാല്‍ ഇത്തരത്തില്‍ ഒതുങ്ങേണ്ടതില്ലെന്നാണ് ജോസിനൊപ്പമുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.

പിളര്‍പ്പിനെ അസുഖമുള്ള പാര്‍ട്ടിക്ക് കേരള രാഷ്ട്രീയത്തിലെ ‘പിടി’ നഷ്ടപ്പെടുത്തുന്ന പ്രതിസന്ധിയില്‍ എത്തരുതെന്ന് ഇരുവിഭാഗങ്ങളും തിരിച്ചറിഞ്ഞതുമാത്രമാണ് ഒത്തുതീര്‍പ്പുകളിലെ സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here