തിരുവനന്തപുരം: 23 വര്‍ഷത്തിനുശേഷം കെ.യു. ജനീഷ് കുമാറിലൂടെ കോന്നി ചുവന്നു. വര്‍ഷങ്ങളായി ചുവപ്പുകോട്ടയായിരുന്ന അരൂരാകട്ടെ, ഇക്കുറി ഷാനി മോള്‍ ഉസ്മാനെ നിയമസഭയിലേക്ക് പിടിച്ചുകയറ്റി.

എന്‍.എസ്.എസിന്റെ നിലപാട് നായന്മാര്‍ ചെവികൊടുത്തില്ലെന്ന് സുകുമാരന്‍ നായര്‍ തിരിച്ചറിഞ്ഞ വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച് വി.കെ. പ്രശാന്ത് നേടിയത് മിന്നും ജയവും. എറണാകുളത്തെ വെള്ളക്കെട്ടില്‍ ഇരുപതിനായിരത്തോളം ഭൂരിപക്ഷ വോട്ടുകള്‍ ഒഴുകിപ്പോയെങ്കിലും ടി.ജെ. വിനോദിന്റെ വിജയത്തില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാം. സുരേന്ദ്രന്‍ ബലാബലം നിന്നിരുന്ന മഞ്ചേശ്വരത്ത് പതിനായിരത്തോളം വോട്ടുമായി ലീഗ് മടങ്ങിയെത്തി.

1996 മുതല്‍ 2019 വരെ അടൂര്‍ പ്രകാശിനൊപ്പം നിന്ന ജനങ്ങള്‍ കെ. സുരേന്ദ്രനെയും തളളിയാണ് ജനീഷ് കുമാറിനെ തോളിലേറ്റിയത്. കോണ്‍ഗ്രസിലെ തമ്മിലടി മോഹന്‍ രാജിന് തിരിച്ചടിയായപ്പോള്‍ ശബരിമല വിഷയത്തില്‍ പുലര്‍ത്തിയ അമിത പ്രതീക്ഷ സുരേന്ദ്രനും ഗുണം ചെയ്തിട്ടില്ല. എന്നാല്‍, ലോക്്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടില്‍ കാര്യമായ കുറവില്ലാതെ നിലനിര്‍ത്താന്‍ സുരേന്ദ്രനായി.

സമദൂരം വിട്ട് ശരിദൂരം പരീക്ഷിച്ച എന്‍.എസ.എസിന്റെ അടിതെറ്റിയ കാഴ്ചയാണ് 40 ശതമാനത്തോളം സമുദായ വോട്ടുകളുള്ള വട്ടിയൂര്‍ക്കാവില്‍ കണ്ടത്. നിലപാട് തള്ളിയ സമുദായാംഗങ്ങള്‍ മേയര്‍ ബ്രോയെ പിന്താങ്ങിയപ്പോള്‍ പ്രശാന്തിന്റെ ഭൂരിപക്ഷം 15,000 ത്തിനു അരികെ. കുമ്മനത്തിനു പകരമെത്തിയ സുരേഷിനു മുഖം നഷ്ടമായിയെന്ന് ബി.ജെ.പിക്കുണ്ടായ വോട്ടു കുറവ് വ്യക്തമാക്കുന്നു. മുരളീധരനും തരൂരിനുമെല്ലാം ഉത്തരം പറയേണ്ടി വരുന്ന നിലയിലാണ് മോഹന്‍ കുമാറിന്റെ കനത്ത തോല്‍വി.

അവസാനംവരെ സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് അരൂര്‍ യൂ.ഡി.എഫിന് പച്ചക്കൊടി കാട്ടിയത്. ആദ്യ റൗണ്ടുകളിലൊഴികെ ബാക്കിയെല്ലായ്‌പ്പോഴും ഷാനിമോള്‍ ഉസ്മാന്‍ ഭൂരിപക്ഷം നിലനിര്‍ത്തിയാണ് മുന്നേറിയത്. എന്നാല്‍, ഇടതു കോട്ടകളില്‍ എല്‍.ഡി.എഫ് അവസാന നിമിഷം വരെയും പ്രതീക്ഷ പുലര്‍ത്തിയിരുന്നു. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും ഇവിടെ എല്‍.ഡി.എഫിന് തുണയായില്ല. ബി.ജെ.പിക്കുണ്ടായിരിക്കുന്ന വോട്ടു കുറവ് പുതിയ ചര്‍ച്ചകള്‍ക്കും വഴി തുറക്കും.

മഞ്ചേശ്വരത്ത് അത്ഭുതങ്ങളോ അട്ടിമറിയോ സംഭവിച്ചില്ല. പി.ബി. അബ്ദുള്‍ റസാഖിന് ലീഗില്‍ നിന്നുതന്നെ പിന്‍ഗാമിയുണ്ടായെന്നു മാത്രമല്ല, ഇക്കുറി 7923 വോട്ടിന്റെ ഭൂരിപക്ഷവുമുണ്ട്. എന്നാല്‍, ശങ്കര്‍ റൈയെ ഇറക്കിയുള്ള സി.പി.എമ്മിന്റെ
പുതിയ പരീക്ഷണം ഏശിയില്ല.

മഴയ്ത്തു പൊങ്ങിയ വെള്ളത്തിലൂടെ കോണ്‍ഗ്രസ് നീന്തിക്കയറുന്ന കാഴ്ചയാണ് എറണാകുളത്തു കണ്ടത്. ഇരുപതിനായിരത്തോളം വോട്ടിന്റെ കുറവാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസിനുണ്ടായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here