തിരുവനന്തപുരം: പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷ അധ്യാപക സംഘടനകളെ കടന്നാക്രമിച്ച് നിശബ്ദരാക്കാനുള്ള ശ്രമത്തിനിടെ, കെ.എസ്.ഇ.ബി.എല്ലിലും എതിര്‍പ്പ്. അഞ്ചു മാസം ആറു ദിവസത്തെ ശമ്പളം തടയാനുള്ള നീക്കത്തിനെതിരെ കേരള ഇലക്ട്രിസിറ്റി എംപ്രോയീസ് കോണ്‍ഫെഡറേഷന്‍ ഹൈക്കോടതിയെ സമീപിച്ചു.

സര്‍ക്കാരില്‍ നിന്നും നേരിട്ട് ശമ്പളം കൈപ്പറ്റാത്ത ജീവനക്കാരെന്ന നിലയില്‍ ശമ്പളം തടഞ്ഞുവയ്ക്കുന്നത് നീതിയുക്തമല്ലെന്ന് വ്യക്തമാക്കി സംഘടന ചെയര്‍മാന് കത്തു നല്‍കി. ഈ പണം സര്‍ക്കാര്‍ ട്രഷറിയില്‍ ഒരു പ്രത്യേക പലിശ രഹിത അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് പറയുമ്പോഴും എന്ത് ആവശ്യത്തിനു വിനിയോഗിക്കുമെന്നു പറയുന്നില്ല. കമ്പനിയുടെ 60 ശതമാനത്തോളം ജീവനക്കാരും മസ്ദുര്‍, ലൈന്‍മാന്‍ തസ്തികകളിലാണ്. ഇവര്‍ കൈപ്പറ്റുന്ന നെറ്റ് സാലറി 8000 രൂപയില്‍ താഴെ മാത്രമാണ്. കോറോണ കാലത്തും പ്രതിദിനം 150 കിലോമീറ്റര്‍ അധിക ദൂരം സ്വന്തം വാഹനത്തില്‍ യാത്ര ചെയ്ത് ജോലി ചെയ്യുന്നവരടക്കം ഈ പ്രതിസന്ധി ഘട്ടത്തില്‍ എങ്ങനെ മുന്നോട്ടു പോകുമെന്ന് ചിന്തിക്കണമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി പ്രതീപ് നെയ്യാറ്റിന്‍കര ആവശ്യപ്പെട്ടു. അതിനാല്‍, നിര്‍ബന്ധിത സാലറി ചലഞ്ച് നടപ്പാക്കരുതെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.

ഇതേ ആവശ്യമുന്നയിച്ചാണ് സംഘടന ഹൈക്കോടതിയെയും സമീപിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.എസ്.ഇ.ബി.എല്‍ വലിയൊരു തുക തുടക്കത്തിലേ സംഭാവന ചെയ്തിരുന്നു. ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ അധ്യാപക സംഘടനയ്‌ക്കെതിരെ ധനമന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ, ഉത്തരവ് കത്തിച്ചവര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ തുടങ്ങിയ സൈബര്‍ ആക്രമണം തുടരുകയാണ്. അതിനിടെയാണ്, പ്രതിപക്ഷ സംഘടനകള്‍ നിയമ നടപടിയുമായി മുന്നോട്ടു പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here