തൊടുപുഴ: കണ്ണൂരിലെ ആര്.എസ്.എസ്. – സി.പി.എം സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ഇതിനു മുമ്പും ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സത്സംഘ് ഫൗണ്ടേഷന് സ്ഥാപകന്‍ ശ്രീ എം മദ്ധ്യസ്ഥത വഹിച്ചുവെന്നത് സ്ഥിരീകരിച്ച സുരേന്ദ്രന് സമാധാനശ്രമത്തിനപ്പുറം അതിനെ കാണേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ സി.പി.എം ആര്.എസ്.എസ് സംഘര്‍ഷങ്ങള്‍ ശക്തമായ കാലത്താണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരാള്‍ മുന്‍കൈയെടുത്തത്. അതിനെ ഇപ്പോള്‍ നടന്ന ചര്‍ച്ചയായി കോണ്‍ഗ്രസ് പ്രചരിപ്പിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
ഇത് ആദ്യത്തെ ചര്‍ച്ചയല്ല. നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഇ.എം.എസും പി. പരമേശ്വരനും ചര്‍ച്ച നടത്തിയിട്ടുണ്ട്. കെ.ജി. മാരാരും ഇ.കെ. നയനാരും ചര്‍ച്ച നടത്തിയിട്ടുണ്ട്. ബംഗാളില്‍ ഒരേ മുന്നണിയില്‍ മത്സരിക്കുന്നവരാണ് ഇവിടെ കള്ളപ്രചാരണം നടത്തുന്നത്. ഇത് ഏതോ കാലത്ത് നടന്നതാണെന്നും രഹസ്യമായി നടന്ന ചര്‍ച്ചയല്ലെന്നും സുരേന്ദ്രന് പ്രതികരിച്ചു.