തലശ്ശേരിയിൽ സിഒടി നസീറിനെ ബിജെപി പിന്തുണയ്ക്കും; കെ സുരേന്ദ്രൻ

തലശ്ശേരിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന സിപിഎം മുൻ പ്രാദേശിക നേതാവ് സി ഒ ടി നസീറിനെ പിന്തുണയ്ക്കാൻ ബിജെപി തീരുമാനിച്ചു. പിന്തുണയ്ക്കായി സിഒടി നസീർ ബിജെപി ജില്ലാ നേതൃത്വത്തെ സമീപിച്ചിരുന്നു. നസീർ പിന്തുണ ആവശ്യപ്പെട്ടാൽ അപ്പോൾ ആലോചിക്കാമെന്നായിരുന്നു ഇതുവരെ ബിജെപിയുടെ നിലപാട്. നസീർ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ പറ്റുന്ന ഏറ്റവും നല്ല സ്ഥാനാർഥി ആണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഇതോടെ തലശ്ശേരിയിലെ എൻ ഡി എ സ്ഥാനാർഥിയെ ചൊല്ലിയുള്ള അനിശ്ചിതത്വം അവസാനിച്ചു.

ഇന്ത്യൻ ഗാന്ധിയൻ പാർട്ടി പ്രതിനിധി സി ഒ ടി നസീറിനെ പിന്താങ്ങാനാണ് ബി ജെ പി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. സി ഒ ടി നസീറിനായി ബിജെപി പ്രവർത്തകർ സജീവമായി പ്രചരണ രംഗത്ത് ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.

തലശ്ശേരിയിൽ ജില്ലാ അധ്യക്ഷൻ എൻ ഹരിദാസിന്റെ നാമനിർദ്ദേശ പത്രിക തള്ളിയത് ബിജെപിയെ രാഷ്ട്രീയമായി പ്രതിസന്ധിയിലാക്കിയിരുന്നു. ഏറെ പ്രതീക്ഷ പുലർത്തിപ്പോന്ന മണ്ഡലത്തിൽ സ്ഥാനാർഥി ഇല്ലാതെ വന്നത് ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ പ്രകടനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ജില്ലാ നേതൃത്വം വിലയിരുത്തി. ഇതിനെത്തുടർന്നാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന നസീറിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിലെത്തിയത്.

ബിജെപി വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നെന്നായിരുന്നു സിഒടി നസീറിന്‍റെ പ്രതികരണം. ബിജെപി പ്രവര്‍ത്തകരുടെ വോട്ട് വേണ്ട എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ പാര്‍ട്ടിയുടെ വോട്ട് അഭ്യര്‍ത്ഥിക്കുന്നു. ബിജെപി നേതാക്കളുമായി സംസാരിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നുമായിരുന്നു സിഒടി നസീര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് നസീറിനെ പിന്തുണയ്ക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്.

തലശ്ശേരിയില്‍ സിഒടി നസീറിനെ പിന്തുണയ്ക്കാമെന്ന് ബിജെപി ആലോചിച്ചിരുന്നെങ്കിലും പരസ്യ സഖ്യത്തിനില്ലെന്നായിരുന്നു സിഒടി നസീറിന്‍റെ മുന്‍ നിലപാട്. ഇതിന് പിന്നാലെയാണ് ബിജെപി പിന്തുണ നസീര്‍ ആവശ്യപ്പെട്ടത്. തലശ്ശേരിയില്‍ ബിജെപി സ്ഥാനാർത്ഥി എൻ ഹരിദാസിന്‍റെ നാമനി‍ർദ്ദേശ പത്രികയിലെ ഫോം എയിൽ ദേശീയ പ്രസിഡന്‍റിന്‍റെ ഒപ്പ് ഇല്ലാഞ്ഞതിനാലാണ് പത്രിക തള്ളിയത്. ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും ഇതേ പിഴവ് കാരണം സ്വീകരിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here