കോട്ടയം: പാലായിലെ തോല്‍വിയോടെ കേരളാ കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷമായി. തോല്‍വിക്കു കാരണം പി.ജെ. ജോസഫാണെന്ന ആരോപണവുമായി സ്ഥാനാര്‍ത്ഥി ജോസ് ടോം രംഗത്തെത്തി. പാലായില്‍ നടപ്പാക്കിയത് പി.ജെ. ജോസഫിന്റെ അജണ്ടയാണ്. ഒരു എം.എല്‍.എ കൂടിയായാല്‍ ജോസ് കെ. മാണി വിഭാഗത്തിന് മേല്‍ക്കൈ ലഭിച്ചേനെ. അതു തടയാനാണ് ജോസഫ് ശ്രമിച്ചതെന്ന് ജോസ് ടോം ആരോപിച്ചു.

ജോസഫിനോട് രണ്ടില ചിഹ്നം ചോദിച്ചിരുന്നുവെന്നും ജോസഫിനെ നിയന്ത്രിക്കുന്നതില്‍ യു.ഡി.എഫ് നേതൃത്വം പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. രണ്ടില ചിഹ്നം വാങ്ങി നല്‍കാമെന്ന് യു.ഡി.എഫ് നേതാക്കള്‍ ഉറപ്പു നല്‍കിയിരുന്നു. തോല്‍വിക്കു കാരണമായ ജോസഫിന്റെ നീക്കങ്ങള്‍ യു.ഡി.ഫ് അന്വേഷിക്കണമെന്നും ജോസ് ടോം ആവശ്യപ്പെട്ടു. ജോസഫ് വിഭാഗം നേതാക്കള്‍ പ്രചാരണത്തിനില്ലായിരുന്നുവെന്നും ജനങ്ങള്‍ക്ക് ഇവര്‍ തെറ്റായ സന്ദേശം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ പരാജയപ്പെട്ടപ്പോള്‍ ചിരിച്ചുകൊണ്ട് സന്തോഷത്തോടെയാണ് ജോസഫ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയതെന്നും ജോസ് ടോം കൂട്ടിച്ചേര്‍ത്തു. അതേസമയം, താന്‍ ചിഹ്നം നല്‍കാത്തതാണ് തോല്‍വിക്കു കാരണമെന്ന വാദത്തെ തള്ളിയ ജോസഫ് ഭരണഘടനാപരമായി ചോദിച്ചിരുന്നെങ്കില്‍ അതു നല്‍കുമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here