കെണിയിൽപ്പെട്ട പ്രതിപക്ഷത്തിന്റെ മുന ഒടിഞ്ഞു, ഗവർണർക്കെതിരെ രാഷ്ട്രീയമായും നിയമപരമായും നീങ്ങി ഇടതു മുന്നണി

തിരുവനന്തപുരം | ഗവർണർ സർക്കാർ പോര് രൂക്ഷമായിരിക്കെ സർവകലാശാല വിഷയം രാഷ്ട്രീയമായും നിയമപരമായും നേരിടാൻ ഒരുങ്ങി ഇടതു മുന്നണി. രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്കു പിന്നാലെ രാജ്ഭവനു മുന്നിൽ ഒരു ലക്ഷം പേരെ അണിനിരത്താൻ ഒരുങ്ങുകയാണ് ഇടതു മുന്നണി ഒരു വശത്ത്. ഒപ്പം തന്നെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ നീക്കാനുളള ആലോചനകളും വേഗത്തിലാക്കി. അതേസമയം ഇടതുമുന്നണി ഉയർത്തിയ ഗവർണറുടെ ആർ.എസ്.എസ് നിലപാട് സൃഷ്ടിച്ചിട്ടുള്ള ആശയക്കുഴപ്പത്തിൽ നിന്നും യു.ഡി.എഫിനു പുറത്തു വരാൻ സാധിച്ചിട്ടില്ല.

സർവകലാശാലാ വൈസ് ചാൻസലർമാരെ കൂട്ടത്തോടെ രാജിവെപ്പിക്കാൻ ഗവർണർ ശ്രമിക്കുന്നത് നിയമപരമായ ബാധ്യത എന്നതിനെക്കാളുപരി രാജ്ഭവന്റെ രാഷ്ട്രീയ നീക്കമാണെന്ന വിലയിരുത്തലിലും പ്രചാരണത്തിലുമാണ് ഇടതു മുന്നണി. അതുകൊണ്ടുതന്നെ ഗവർണർക്കെതിരെ വലിയ സമരമുഖം തുറക്കുകയാണ് അവർ. ഗവർണർക്കെതിരെയുള്ള രാഷ്ട്രീയ നിലപാടുകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നീക്കത്തിനു കഴിഞ്ഞ ദിവസം തുടക്കം കുറിക്കുകയും ചെയ്തു. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നു മാറ്റണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരസ്യമായി ആവശ്യപ്പെട്ടതും തീരുമാനിച്ച് ഉറച്ചാണ്.

ചാൻസലർ പദവിയിൽ നിന്നു ഗവർണറെ നീക്കുന്നതിനെക്കുറിച്ച് സർക്കാർ കഴിഞ്ഞദിവസം നിയമവിദഗ്ധരുമായി കൂടിയാലോചിച്ചു. ഇതിനു പിന്നാലെ, സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട വിഭാഗങ്ങൾ ഓർഡിനൻസിനായുള്ള തയ്യാറെടുപ്പും തുടങ്ങി. ഒമ്പതു സർവകലാശാലകളിലെ വി.സി.മാരോട് രാജിവെക്കാൻ നിർദേശിച്ച് ഗവർണർ അസാധാരണ നടപടിയിലേക്കു കടന്നതോടെ ഇനി വൈകിക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ.

ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരത്തിനായി നിയോഗിക്കപ്പെട്ട ശ്യാം ബി. മേനോൻ കമ്മിഷൻ ശിപാർശ കൂടി പരിഗണിച്ച് ഓരോ സർവകലാശാലയ്ക്കും പ്രത്യേകം വിസിമാരെ നിയമിക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. യു.ജി.സി. മാനദണ്ഡത്തിൽ ചാൻസലർ പദവി സംബന്ധിച്ചു വ്യവസ്ഥകളൊന്നുമില്ല. ഓരോ സർവകലാശാലയുടെയും പ്രത്യേക നിയമമനുസരിച്ചാണ് ഗവർണറെ ചാൻസലറായി നിയമിച്ചിട്ടുള്ളത്.

ചാൻസലർ പദവി മാറ്റി ഓർഡിനൻസോ നിയമസഭയിൽ ബില്ലോ കൊണ്ടുവന്നാൽ താൻ ഒപ്പിട്ടുനൽകാമെന്ന് പലവട്ടം ഗവർണർ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഗവർണറുടെ നിലപാട് എന്താകുമെന്ന് വ്യക്തമല്ല. എല്ലാ സർവകലാശാലകളിൽ നിന്നും മുതിർന്ന പ്രൊഫസർമാരുടെ പേരുകൾ രാജ് ഭവൻ ശേഖരിച്ചത് ഒരാഴ്ച മുമ്പാണ്. സർക്കാരും ഗവർണറും അളന്നു മുറിച്ച ചുവടുകൾ വയ്ക്കുമ്പോൾ എന്തു ചെയ്യണമെന്ന ആശയക്കുഴപ്പം യു.ഡി.എഫിൽ പ്രകടമാണ്.

ദേശീയതലത്തിൽ ബി.ജെ.പി.ക്കെതിരെ കടുത്തവിമർശം ഉന്നയിച്ചുപോരുന്നതിനാൽ കെ.സി. വേണുഗോപാൽ ഗവർണറുടെ നടപടിയെ എതിർത്തു. ഗവർണറുടെ നടപടിയെ പൂർണമായി പിന്തുണയ്ക്കാൻ കഴിയില്ലെന്ന നിലപാടാണ് മുസ്‌ലിംലീഗിന്. ആദ്യഘട്ടങ്ങളിൽ ഗവർണറെ പിന്തുണയ്ക്കാതെ പോന്ന പ്രതിപക്ഷ നേതാവും കെ.പി.സി.സി. പ്രസിഡന്റും ഇക്കുറി ഗവർണർക്കൊപ്പമാണ്.

പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി. അധ്യക്ഷന്റെയും നിലപാടുകൾക്ക് ഗവർണർ വിഷയത്തിൽ കാര്യമായ പിന്തുണ മുന്നണിയിൽ നിന്നു ലഭിക്കുന്നില്ല. വിഷയത്തിൽ രാഷ്ട്രീയ ലാഭമുണ്ടാക്കാൻ നേതൃത്വത്തിനു കഴിയുന്നില്ലെന്ന വിമർശനവും നേതൃത്വത്തിനെതിരെ ഉയരുന്നു. ഇടതു മുന്നണിക്കോ ബി.ജെ.പിക്കോ സഹായകരമാകാത്ത നിലപാട് സ്വീകരിക്കുന്നതിലാകട്ടെ, നേതാക്കൾ പരാജയപ്പെടുകയും ചെയ്യുന്നു. ഗവർണർക്കെതിരേ ഇടതുപക്ഷമിട്ട ചൂണ്ടയിൽ യു.ഡി.എഫ്. നേതാക്കൾ കൊത്തിയ സ്ഥിതിയാണ് നിലവിൽ.

Governor government political steps in University vc issue and UDF troublesLEAVE A REPLY

Please enter your comment!
Please enter your name here