വിധി വ്യക്തമാണ്, പുതിയ ആളെ തെരഞ്ഞെടുക്കുകയേ വഴിയുള്ളൂവെന്ന് ഗവർണർ, മുഖ്യമന്ത്രിക്കും വിമർശനം

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയനു മറുപടി പറഞ്ഞും വി.സി മാർക്കെതിരായ നടപടികളെ ന്യായീകരിച്ചും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളെ കണ്ടു.

സുപ്രീം കോടതി വിധി വളരെ കൃത്യമാണ്. സാങ്കേതിക സർവകലാശാല വിസിക്ക് യോഗ്യതയില്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആ വിധി കണ്ണൂർ സർവകലാശാല വിസിക്കും ബാധകമാണ്. വിസി തിരഞ്ഞെടുത്ത പ്രക്രിയ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിയിലുണ്ട്. ആരാണ് യോഗ്യരെന്നും അയോഗ്യരെന്നും പറഞ്ഞത് താൻ അല്ല. ഭരണഘടനയും സുപ്രീം കോടതി വിധിയും ഉയർത്തിപ്പിടിക്കാനുള്ള ബാധ്യത ഗവർണറെന്ന നിലയ്ക്ക് തനിക്കുന്നുണ്ട്. ഒൻപത് പേരുടെ മാത്രമല്ല, മറ്റു രണ്ട് വിസിമാരുടെ കാര്യവും പഠിക്കുകയാണ്. നിയമോപദേശം തേടിയിട്ടുണ്ട്. താൻ ഒരു അഭിഭാഷകനാണെന്നും ദീർഘ കാലം പ്രവർത്തിച്ചിട്ടുണ്ടെന്നുമുള്ള കാര്യം മറക്കരുത്. എന്നിരുന്നാലും മുതിർന്ന പലരിൽ നിന്നും നിയമോപദേശം തേടിയശേഷമാണ് തീരുമാനം എടുക്കുന്നത്.

സുപ്രീം കോടതി വിധി അനുസരിച്ച് പുതിയ ആളെ തിരഞ്ഞെടുക്കുകയേ വഴിയുള്ളു. രണ്ടു, മൂന്നു വൈസ് ചാൻസലർ മാരോട് സഹതാപമുണ്ട്. രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും ആരും തയാറായില്ല. അതിനാൽ കാരണം കാണിക്കൽ നോട്ടിസ് അയച്ചു. ഒരു വിസി നിയമനത്തിൽ താൻ ഉത്തരവാദിയാണ്. ഗവർണറെ സമ്മർദ്ദത്തിലാക്കിയാണ് പല നിയമനങ്ങളും നടന്നത്.

കണ്ണൂർ സർവകലാശാല മുഖ്യമന്ത്രിയുെട പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ അഭിമുഖത്തിനു പോലും വിളിക്കാൻ യോഗ്യതയില്ല. എന്നാൽ യൂണിവേഴ്സിറ്റി നിയമനം നൽകി. ഇത്തരം കാര്യങ്ങൾ നടക്കുന്നതിനാലാണ് താൻ ഇടപെടുന്നത്. എജി തന്നെ തെറ്റദ്ധരിപ്പിച്ചു. നിയമനം സാധുതയുള്ളതാണെന്ന് വിശ്വസിപ്പിച്ചു. നിയമവിരുദ്ധമല്ലേയെന്ന് ചോദിച്ചപ്പോൾ അല്ല എന്നു പറഞ്ഞു. സംസ്ഥാനത്തെ മുതിർന്ന അഭിഭാഷകൻ ആണ് ഇങ്ങനെ ചെയ്തതെന്നും ഗവർണർ ആരോപിച്ചു.

മാധ്യമങ്ങളോട് താൻ അകന്നു നിൽക്കുന്നില്ല. അവരോടു ബഹുമാനമാണ്. മാധ്യമങ്ങളോടു പുറത്തു കടക്കാനും സിൻഡിക്കറ്റ് എന്നു പറഞ്ഞതും ആരെന്നു തനിക്കറിയാം. മുഖ്യമന്ത്രിയുടെ ‘പിപ്പിടി’ പ്രയോഗവും ഗവര്‍ണര്‍ പരാമർശിച്ചു. ചെപ്പടി വിദ്യകാട്ടുന്നവരെ നിയന്ത്രിക്കാന്‍ പിപ്പിടി വിദ്യ വേണ്ടിവരുമെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു.

കണ്ണൂർ വിസിക്കെതിരായ വിമർശനത്തെ ന്യായീകരിച്ച ഗവർണർ കുറ്റകൃത്യം ചെയ്തയാളെ ക്രിമിനൽ എന്നല്ലാതെ എന്ത് വിളിക്കുമെന്ന മറുചോദ്യവും ഉന്നയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഹൈക്കോടതിയും കണ്ണൂർ വിസിയെ വിമർശിച്ചു. തന്റെ ഉത്തരവുകൾ നടപ്പാക്കുന്നില്ല. കത്തുകളോട് പ്രതികരിക്കുന്നില്ല. കേരള വൈസ് ചാൻസലർ രാഷ്ട്രപതിയെ വരെ അവഹേളിച്ചാണ് മറുപടി നൽകിയത്. ഞാൻ അദ്ദേഹത്തെ അങ്ങോട്ട് ആറുവട്ടം വിളിച്ചു. എന്നാൽ തിരിച്ചുവളിക്കാനുള്ള മര്യാദപോലും കാണിച്ചില്ല. ഭരണഘടനാപരമായ പല കാര്യങ്ങളും നടപ്പാക്കാൻ അദ്ദേഹം തയാറായില്ല.Governor Arif Mohammed Khan’s response in vc issue

LEAVE A REPLY

Please enter your comment!
Please enter your name here