നയത്തിലെ ‘കളി’ പ്രതീക്ഷിച്ചില്ല, പിണറായിയെ മുള്‍മുനയില്‍ നിര്‍ത്തുന്നത് ഇതു രണ്ടാം തവണ

തിരുവനന്തപുരം: കഴിഞ്ഞ തവണ ഒരു ഖണ്ഡികയായിരുന്നെങ്കില്‍ ഇക്കുറി നയപ്രഖ്യാപനത്തിനു തന്നെ ഗവര്‍ണര്‍ ചുമപ്പു വരയിട്ടു. നയപ്രഖ്യാപനത്തിന്റെ പേരില്‍ അവസാനം നിമിഷം വരെ പിണറായിയെയും കൂട്ടരെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുള്‍മുനയില്‍ നിര്‍ത്തിയത് ഇതു രണ്ടാം തവണ. കുടിക്കാഴ്ച നടത്തി ആദ്യ പ്രതിസന്ധി അതിജീവിച്ച മുഖ്യമന്ത്രി പിണറായി വിജയനു പക്ഷേ ഇക്കുറി പൊതുഭരണ സെക്രട്ടറിയെ മാറ്റേണ്ടി വന്നു.

ഉന്നത വിദ്യാഭ്യാസത്തില്‍ തുടങ്ങി പലതിലും ഗവര്‍ണര്‍ക്കും സര്‍ക്കാരിനും ഇടയില്‍ നിലനില്‍ക്കുന്നത് ശക്തമായ അഭിപ്രായവ്യത്യാസമാണ്. ഇവ അടുത്തിടെയായി നിരന്തരം വാര്‍ത്തയാകുന്നത് സര്‍ക്കാരിനെയും സി.പി.എം അടക്കമുള്ള ഇടതു പാര്‍ട്ടികളെയും രൂക്ഷമായ അമര്‍ഷത്തിലേക്ക് തള്ളിവിട്ടിട്ടുമുണ്ട്.

പുതിയ നീക്കമാകട്ടെ സര്‍ക്കാരോ പാര്‍ട്ടിയോ തീരെ പ്രതീക്ഷിച്ചതേയല്ല. നയപ്രഖ്യാപനം കഴിയും വരെ പ്രകോപിപ്പിക്കേണ്ടെന്നു സി.പി.എം തീരുമാനിച്ചെങ്കിലും രൂക്ഷമായി പ്രതികരിച്ച് സി.പി.ഐ രംഗത്തെത്തി. ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിക്കുന്ന പാര്‍ട്ടി പത്രത്തിലെ മുഖപ്രസംഗത്തിനു പിന്നാലെ നേതാക്കളും നിലപാടുമായി രംഗത്തെത്തി.

പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാനുള്ള ആവശ്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി തന്നെ അപമാനിക്കുന്ന രീതിയിലാണെന്നു വിശദീകരിച്ചാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചത്. സ്പീക്കറും ചീഫ് സെക്രട്ടറിയും രാജ്ഭവനിലെത്തിയിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. പിന്നാലെ മുഖ്യമന്ത്രിതന്നെ നേരിട്ടെത്തി. ഗവര്‍ണര്‍ നിലപാടില്‍ ഉറച്ചു നിന്നെങ്കിലും പൊതുമരാമത്ത് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ മാറ്റിയതടക്കമുള്ള നടപടികളിലൂടെ ഭരണഘടനാ പ്രതിസന്ധിയെ അതിജീവിക്കാന്‍ സര്‍ക്കാരിനായി. ഗവര്‍ണറുടെ നീക്കത്തില്‍ ഉണ്ടായ പ്രതിസന്ധി സര്‍ക്കാര്‍ പരിഹരിച്ചെങ്കിലും ഇതുയര്‍ത്തുന്ന വിവാദം തുടങ്ങിയിട്ടേയുള്ളൂ. ഗവര്‍ണറെ ആക്രമിക്കാന്‍ ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷവുമുണ്ടാകുമെന്നുറപ്പ്.

ഒന്നാം പിണറായി സര്‍ക്കാര്‍ 2020 ജനുവരി 29ന് നടത്തിയ നയപ്രഖ്യാപനത്തിന്റെ തലേന്നാണ് ഇത്തരമൊരു പ്രതിസന്ധി ഇതിനു മുമ്പ് പിണറായി സര്‍ക്കാര്‍ നേരിട്ടത്. പൗരത്വ നിയമത്തോടുള്ള കേരളത്തിന്റെ വിമര്‍ശനം അടങ്ങുന്ന പ്രസംഗത്തിന്റെ 18-ാം ഖണ്ഡിക വായിക്കില്ലെന്ന് 28നു അദ്ദേഹം സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. അന്നും മുഖ്യമന്ത്രി രാജ്ഭവനിലെത്തി. പിന്നാലെ നിയമസഭയില്‍ കാര്യങ്ങള്‍ സുഗമമായി. മുഖ്യമന്ത്രിയുടെ ആഗ്രഹം മാനിച്ചു വായിക്കുകയാണെന്ന മുഖവുരയോടെ അദ്ദേഹം ആ ഭാഗം വായിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here