പരിശോധന തുടങ്ങിയപ്പോള്‍ താഴു വീഴുന്നു, ഗുണനിലവാരം ഇല്ലാത്ത 110 ഭക്ഷണശാലകള്‍ അടച്ചു, പരിശോധിച്ചവയില്‍ 30 % പേര്‍ക്കും നോട്ടീസ്

തിരുവനന്തപുരം | കഴിഞ്ഞ 5 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി നടന്ന 1132 പരിശോധനകളില്‍ 110 കടകള്‍ പൂട്ടിച്ചു. 347 സ്ഥാപനങ്ങള്‍ക്കു നോട്ടീസ് ലഭിച്ചു.

ഷവര്‍മ കഴിച്ച് ഒരു കുട്ടി മരിക്കുകയും പാഴ്‌സലില്‍ പാമ്പിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയതോടെയാണ് സംസ്ഥാനത്തെ ഹോട്ടലുകള്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുരുതരാവസ്ഥ വീണ്ടും ചര്‍ച്ചയായത്. പഴകിയ എണ്ണയും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കൊഴുപ്പും മുതല്‍ എല്ലാത്തിലും മായമെന്നു മാത്രമല്ല വൃത്തിഹീനമായ അന്തരീക്ഷവും പുറത്തുവരുകയാണ്. പരസ്യങ്ങള്‍ നല്‍കിയും ആര്‍ഭാടം കാണിച്ചും ജനത്തെ ആകര്‍ഷിക്കുന്ന പലരും ഗുണമേന്മയിലെ മുന്‍കരുതലുകള്‍ ഉപേക്ഷിച്ചുവെന്നുകൂടിയാണ് പരിശോധനയില്‍ വ്യക്തമാകുന്നത്.

പരിശോധനയില്‍ പിഴവു കണ്ടെത്തിയാല്‍ വിട്ടു വീഴ്ചയുണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമായ മുന്നറിയിപ്പ് നല്‍കി. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ വകുപ്പ് നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പയിന്റെ ഭാഗമായി പരിശോധനകള്‍ കര്‍ശനമാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ലൈസന്‍സോ റജിസ്ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉള്‍പ്പെടെ ആകെ 110 കടകളാണ് പൂട്ടിച്ചത്. 140 കിലോ വൃത്തിഹീനമായ മാംസം പിടിച്ചെടുത്തു നശിപ്പിച്ചു. 93 സാംപിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ഗുരുതരമായ കുറ്റമാണ്. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പയിന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താന്‍ ഓപ്പറേഷന്‍ മത്സ്യ, ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ ഓപ്പറേഷന്‍ ജാഗറി എന്നിവ നടന്നു വരുകയാണ്. ഇതുകൂടാതെ വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും പ്രത്യേകമായി പരിശോധിക്കുന്നുണ്ട്.

സംസ്ഥാനത്ത് ചെക്പോസ്റ്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, ഭക്ഷ്യ നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡുകള്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, പരിശോധനകള്‍ തുടര്‍ച്ചയായി നടത്തുമോയെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here