വിവാഹ വേദിയില്‍ യാത്രാമൊഴി പാടി അച്ഛന്‍ പിന്‍വാങ്ങി… ഇതൊന്നുമറിയാതെ മംഗല്ല്യവതിയായി മകള്‍

0

നീണ്ടകര: ‘രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ… നിന്‍ മൗനം പിന്‍വിളിയാണോ… ‘ ഇളയ മകളുടെ വിവാഹതലേന്ന് വീട്ടിലൊരുക്കിയ സത്കാരത്തില്‍ അമരത്തിലെ ഗാനത്തിലെ ഈ വരികള്‍ പാടുന്നതിനിടെ അച്ഛന്‍ കുഴഞ്ഞുവീണു.

ആശുപത്രിയിലെത്തിച്ച ബന്ധുക്കള്‍ക്ക് ലഭിച്ചത് തിരുവനന്തപുരം കരമന സ്‌റ്റേഷനിലെ എസ്.ഐ, നീണ്ടകര പുത്തന്‍തുറ ചമ്പോളില്‍ തെക്കതില്‍ വി. വിഷ്ണു പ്രസാദിന്റെ മരണവാര്‍ത്ത.

പന്തലില്‍ മരണാനന്തര ചടങ്ങുകള്‍ നടത്തണോ, അതോ വിവാഹം നടക്കണോയെന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ വിഷ്ണുപ്രസാദിന്റെ ആഗ്രഹം നടപ്പാക്കാന്‍ അടുത്ത ബന്ധുക്കള്‍ തീരുമാനിച്ചു. കതിര്‍മണ്ഡലപത്തില്‍ കയറുമ്പോള്‍, മുന്നില്‍ കത്തിച്ചുവച്ച തിരിപോലെ ഉരുകുകയായിരുന്നിരിക്കണം ആര്‍ച്ചയുടെ മനസ്. ആശുപത്രിയില്‍ നിന്ന് അച്ഛന്‍ ഉടനെത്തുമെന്ന ബന്ധുക്കളുടെ സാന്ത്വനത്തില്‍ അവള്‍ ചുറ്റും തിരഞ്ഞുകൊണ്ടിരുന്നത് ആ മുഖവും.

സങ്കടം ഉള്ളില്‍ കടിച്ചമര്‍ത്തി ബന്ധുക്കള്‍ അവളെ വരനോടൊപ്പം യാത്രയാക്കിയപ്പോള്‍ വിഷ്ണു പ്രസാദ് മോര്‍ച്ചറിയിലെ ഇരുട്ടില്‍ ഒറ്റയ്ക്കായിരുന്നു.

നീണ്ടകര പരിമണം ക്ഷേത്രത്തിലായിരുന്നു വിഷ്ണുപ്രസാദ് (55) ഇളയ മകള്‍ ആര്‍ച്ചയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് വിഷ്ണു പ്രസാദ് കുഴഞ്ഞു വീണത്. തുടര്‍ന്ന് ബന്ധുക്കള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലം മരണം സംഭവിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here