ഇനി ഇ.എഫ്.എല്‍ നിയമം നോക്കുകുത്തി !!! നിയമത്തിന്റെ പരിധിയില്‍ നിന്ന് തോട്ടങ്ങളെ പുര്‍ണ്ണമായും ഒഴിവാക്കി

0

തിരുവനന്തപുരം: തോട്ടങ്ങളെ പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കി ഇ.എഫ്.എല്‍ നിയമം തന്നെ അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടുവെന്ന് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് ആന്റ മാനേജുമെന്റ് ഓഫ് എക്കളോജിക്കലി പ്രൊജൈല്‍ ലാന്റ്) ആക്ടിന്റെ പരിധിയില്‍ നിന്ന് തോട്ടങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കി. തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ചിരുന്ന റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മിഷന്‍ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

തോട്ടങ്ങളില്‍ നിന്ന് ഈടാക്കിയിരുന്ന പ്ലാന്റേഷന്‍ ടാക്‌സ് പൂര്‍ണ്ണമായും ഒഴിവാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാര്‍ഷികാദായ നികുതി ഈടാക്കുന്നതും മരവിപ്പിച്ചു. റബര്‍ മുറിച്ചു വില്‍ക്കുമ്പോള്‍ ഈടാക്കിയിരുന്ന 2500 രൂപ സീനിയറേജ് തുക പിരിക്കില്ല. പഴക്കം ചെന്ന് ജീര്‍ന്നാവസ്ഥയിലുള്ള ലയങ്ങളെ കെട്ടിട നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. ലയങ്ങള്‍ക്ക് പകരം ലൈഫ് പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാസഗൃഹങ്ങള്‍ നിര്‍മ്മിക്കും. ചെലവിന്റെ പകുതി വീതം സര്‍ക്കാരും തൊഴില്‍ ഉടമയും വഹിക്കണം. തൊഴില്‍ ഉടമയുടെ വിഹിതം ഏഴു വാര്‍ഷിക ഗഡുക്കളായി സര്‍ക്കാര്‍ ഈടാക്കും.

തോട്ടം തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ സ്‌കീം ബാധകമാക്കുന്ന വിഷയം തൊഴില്‍ വകുപ്പ് പരിഗണിക്കും. ഉപേക്ഷിക്കപ്പെട്ടതോ പ്രവര്‍ത്തനരഹിതമായി കിടക്കുന്നതോ ആയ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുകയോ അല്ലെങ്കില്‍ തൊഴിലാളികളുടെ സഹകരണ സംഘങ്ങളെ ഏല്‍പ്പിച്ച് സഹായം നല്‍കുകയോ ചെയ്യും. പ്ലാന്റേഷന്‍ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്ലാന്റേഷന്‍ പോളിസി തയാറാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here