വര്‍ദ്ധിച്ച ജനപിന്തുണയും ആത്മവിശ്വാസവുമായി മുന്നോട്ടെന്നു മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം | വര്‍ദ്ധിച്ച ജനപിന്തുണയോടും ആത്മവിശ്വാസത്തോടെയുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ ഏതു പ്രതികൂലാവസ്ഥയിലും പ്രതിബദ്ധതയോടെ നടപ്പാക്കാനായെന്നും സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്കു കടക്കുന്ന വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം വില്പനയ്ക്ക് വെച്ച വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് കേരളം ലേലത്തില്‍ വാങ്ങി കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (കെപിപിഎല്‍) ആയി പുനരുദ്ധരിച്ച് വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയത് ഉദാഹരണം. നവകേരള സൃഷ്ടിക്കുതകുന്ന പ്രകടനപത്രികയാണ് 2021 ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതുപക്ഷ ജനാധിപത്യ മുന്നണി അവതരിപ്പിച്ചത്. പ്രകടന പത്രികയില്‍ നല്‍കിയ 900 വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്ഥായിയായ ഒരു വികസന മാതൃക യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതിനായി കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്.

പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉള്‍പ്പെടുത്തി പ്രത്യേക നൂറുദിന കര്‍മ്മപരിപാടി ആവിഷ്‌കരിക്കാനും കഴിഞ്ഞു. രണ്ട് നൂറുദിന കര്‍മ്മപരിപാടിയാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ പൂര്‍ത്തിയാക്കിയത്. ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയിലൂടെ സംസ്ഥാനത്ത് ഗുണഭോക്തൃ കുടുംബങ്ങള്‍ക്ക് നല്‍കിയ വീടുകളുടെ എണ്ണം ഉടന്‍ മൂന്നു ലക്ഷമായി ഉയര്‍ത്താനാവും.

ഭൂരഹിതര്‍ക്ക് ഈ വര്‍ഷം ആകെ 47,030 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഉടന്‍ വിതരണം ചെയ്യാനായി 3,570 പട്ടയങ്ങള്‍ സജ്ജമാണ്. 2021-22 കാലയളവില്‍ യുവകേരളം പദ്ധതി മുഖേന 1666 പേര്‍ക്കും ഡി.ഡി.യു.ജി.കെ.വൈ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന) പദ്ധതി മുഖേന 4430 പേര്‍ക്കും ആകെ 6096 പേര്‍ക്ക് നൈപുണി പോഷണവും തൊഴിലും നല്‍കാന്‍ സാധിച്ചു. 981 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 1186 ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചു വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here