ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

തിരുവനന്തപുരം | പീഡിപ്പിക്കപ്പെട്ടുവെന്ന യുവതിയുടെ പരാതിയിൽ ഒളിവിലുള്ള പെരുമ്പാവൂർ എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണും പാസ്പോർട്ടും സമർപിക്കണമെന്നും അഡി. സെഷൻസ് കോടതി പ്രതിയോട് നിർദ്ദേശിച്ചു.

എൽദോസ് 22 ന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണം. സമൂഹ മാധ്യമത്തിൽ പ്രകോപനമുണ്ടാക്കുന്ന പോസ്റ്റുകൾ ഇടരുത്, പരാതിക്കാരെ സ്വാധീനിക്കരുത്, സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി കോവളത്തുവച്ച് പീഡിപ്പിച്ചെന്നാണ് അധ്യാപിക പരാതി നൽകിയത്. എൽദോസിനു ജാമ്യം നൽകരുതെന്നു പ്രോസിക്യൂഷൻ വാദിച്ചു. കൊലപാതകശ്രമത്തിനാണ് എൽദോസിനെതിരെ കേസ് എടുത്തിരിക്കുന്നത്. വേറെയും പ്രതികളുണ്ടെന്ന് പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനും തുടരന്വേഷണം നടത്തുന്നതിനും എൽദോസിനെ പൊലീസ് കസ്റ്റഡിയിൽ ആവശ്യമാണ്. ജാമ്യം കൊടുത്താൽ തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ ശാരീരിക, മാനസിക, ലൈംഗിക കാര്യങ്ങളിൽ ആരോപണം കേന്ദ്രീകരിച്ച് വ്യക്തികൾക്കെതിരെ കേസ് നൽകുന്നയാളാണ് പരാതിക്കാരി എന്നായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്. ആദ്യം തട്ടികൊണ്ടുപോയെന്നു പറഞ്ഞ പരാതിക്കാരി പിന്നീട് പിഡീപ്പിച്ചെന്നു ആരോപണം ഉന്നയിച്ചു. ഇതിനുശേഷം വധശ്രമം നടത്തിയെന്നായി ആരോപണം. ഇതുപോലുള്ള വ്യക്തികളെ വിശ്വാസത്തിലെടുക്കാൻ കഴിയില്ല. എൽദോസിന്റെ രാഷ്ട്രീയഭാവി തകർക്കാനുള്ള ഭരണകൂടത്തിന്റെ നീക്കമാണിതെന്നു സംശയിക്കേണ്ടിയിരിക്കുന്നതായും പ്രതിഭാഗം കോടതിയിൽ നിലപാടെടുത്തു.


Eldhose Kunnappilly MLA gets Anticipatory bail in women assault attempt to murder caseLEAVE A REPLY

Please enter your comment!
Please enter your name here