കൊച്ചി: ലാത്തിചാര്‍ജില്‍ പരുക്കേറ്റ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ കൈയിലെ ഒടിവ് വ്യാജമെന്ന വാദവുമായി പോലീസ്. പരുക്കിനെക്കുറിച്ച് അന്വേഷണം വേണമെന്നും പോലീസ് കലക്ടര്‍ക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
ചികിത്സയുടെ രേഖകളും പോലീസ് കലക്ടര്‍ക്കു കൈമാറിയിട്ടുണ്ട്. അതേസമയം, പോലീസിന്റെ നിലപാട് തള്ളി എല്‍ദോ രംഗത്തെത്തി. പോലീസിന്റെ റിപ്പോര്‍ട്ട് മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് പറഞ്ഞ എല്‍ദോ വ്യാജമായ ഒരുപാട് റിപ്പോര്‍ട്ടുകള്‍ കൊടുത്ത് ശീലമുള്ളവരാണ് പോലീസെന്നും കൂട്ടിച്ചേര്‍ത്തു. പരിക്കനുസരിച്ചാണ് കൈയില്‍ പ്ലാസ്റ്ററിട്ടത്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ട് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനു കൈമാറും. സി.പി.ഐ നേതാക്കളുടെ മൊഴി കഴിഞ്ഞ ദിവസം കലക്ടര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എല്‍ദോയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.