കൈയടി മാത്രം പ്രതീക്ഷിച്ച് ആരും കണ്ണടച്ചിരുട്ടാക്കരുത്… ജനാധിപത്യരാജ്യത്ത് അവനവന്റെ പണി  എടുക്കന്നതാരൊക്കെ?

0
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാനായ പി. മോഹനദാസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കമ്മിഷന്‍ കമ്മിഷന്റെ പണിയെടുത്താല്‍ മതി എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉപദേശം. ജനാധിപത്യത്തില്‍ അവനവന്റെ പണി അവനവനെടുക്കാത്തതിന്റെ കുഴപ്പമെന്തെന്ന് പൊതുസമൂഹം കണ്ടുകൊണ്ടിരിക്കയാണ്.
മുഖ്യമന്ത്രി പിണറായിവിജയന്റെ സര്‍ക്കാര്‍ രണ്ടാംവര്‍ഷത്തിലെത്തി നില്‍ക്കുകയാണ്. ഒരു സര്‍ക്കാരിന് നല്‍കാവുന്ന മധുവിധുക്കാലമെല്ലാം തീര്‍ന്നുവെന്നതില്‍ ആര്‍ക്കുംസംശയമില്ല. ഈ രണ്ടുകൊല്ലക്കാലം അവനവന്റെ പണിയെടുത്തവരാരൊക്കെയെന്ന് ഓര്‍ത്തെടുക്കുന്നത് നന്നായിരിക്കും. വിമര്‍ശനങ്ങളും തെറ്റുതിരുത്തിക്കാനുമുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാനം. കണ്ണുംപൂട്ടിയിരുന്ന് കൈയടിക്കലല്ല, പ്രതിപക്ഷത്തിന്റെ ധര്‍മ്മവും. ഭരണകൂടം നിരന്തര വിമര്‍ശനത്തിന് വിധേയമായിക്കൊണ്ടിരുന്നില്ലെങ്കില്‍ ജനാധിപത്യത്തിന്റെ മരണം ആസന്നമാണെന്ന് ചുരുക്കം.
മുഖ്യമന്ത്രി പിണാറായി വിജയനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനോ സഖാക്കള്‍ക്കോ ധൈര്യമില്ലെന്നത് പോകട്ടെ, പ്രതിപക്ഷനിരയിലും പിണറായിയെ തൊടാന്‍ മടിക്കുന്നവരുടെ നീണ്ടനിരതന്നെയുണ്ട്. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളുടെ അവസ്ഥതന്നെ പരിതാപകരമാണ്. മുഖ്യന് ചുറ്റും ഉപദേശികളായി ചുക്കാന്‍ പിടിക്കുന്നതും പ്രമുഖമാധ്യമപ്രവര്‍ത്തകരാണ്. പത്രപ്രവര്‍ത്തക യൂണിയനും പ്രസ്‌ക്ലബ്ബുകളും ഇടത്അനുഭാവ മാധ്യമപ്രവര്‍ത്തകരുടെ കൈകളിലാണ്.
പ്രമുഖ മാധ്യമങ്ങളിലെ വളരെച്ചുരുക്കംപേര്‍ മാത്രമാണ് പേരെടുത്ത്പറഞ്ഞ് നിരന്തരം പിണറായിയെ വിമര്‍ശിക്കാന്‍ ധൈര്യപ്പെടാറുള്ളതും. പത്രസമ്മേളനങ്ങളില്‍ പിണറായിക്ക് മുന്നില്‍ പൂച്ചക്കുട്ടികളായിരിക്കുന്ന മാധ്യമസിംഹങ്ങള്‍ ഉമ്മന്‍ചാണ്ടിയോട് ഘോരഘോരം ഗര്‍ജ്ജിച്ചിരുന്നവരാണെന്നുകൂടി ഓര്‍ക്കുമ്പോഴാണ് നിലവിലെ പരിതാപകരമായ അവസ്ഥ ഞെട്ടിപ്പിക്കുന്നത്. കടക്ക് പുറത്തെന്ന് മുഖത്തുനോക്കി പറഞ്ഞത് ഉമ്മന്‍ചാണ്ടിയായിരുന്നെങ്കില്‍ അദ്ദേഹത്തെക്കൊണ്ട് എത്തമിടീച്ചുവിട്ടേനേ ഈ മാധ്യമപ്രവര്‍ത്തകരും സംഘടനകളും.
ചാനല്‍ച്ചര്‍ച്ചകളും വരാന്ത്യ വിമര്‍ശന വാര്‍ത്താധിഷ്ഠിത പരിപാടികളിലേക്കും കണ്ണോടിക്കുക. സ്വന്തംപണി നേരാംവിധം ചെയ്യുന്ന എത്രപേരുണ്ടാകും?. ഏഷ്യാനെറ്റിലെ വിനു വി. ജോണ്‍, സിന്ധു സൂര്യകുമാര്‍, മാതൃഭൂമിയിലെ വേണു, മനോരമയിലെ ഷാനി പ്രഭാകര്‍ എന്നിവരൊഴികെ മാധ്യമപ്രവര്‍ത്തകരുടെ പണി കൃത്യമായി ചെയ്യുന്ന എത്ര അവതാരകര്‍ കാണും. നിരവധി റിപ്പോര്‍ട്ടര്‍മാരും ഇക്കൂട്ടത്തിലുണ്ടെന്നത് വിസ്മരിക്കുന്നില്ല. എങ്കിലും അവനവന്റെ പണി കൃത്യമായി ചെയ്യാന്‍ ധൈര്യപ്പെടുന്നവര്‍ അക്കൂട്ടത്തിലും കുറവുതന്നെ. അതുകൊണ്ടുതന്നെ സഖാക്കളുടെ സൈബര്‍സേനയുടെ സ്ഥിരംവേട്ടമൃഗങ്ങളും ഈ മാധ്യമപ്രവര്‍ത്തകരാണ്. ഇവരുടെ വായ്കൂടി മൂടിക്കെട്ടാനുള്ള  സകലവിദ്യയും അവര്‍ പയറ്റുന്നുമുണ്ട്. ഇവരെല്ലാം കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടിയെയും മാണിസഖാവിനെയും കൂട്ടരെയും കുടഞ്ഞത് മാത്രമാണല്ലോ യാര്‍ത്ഥ മാധ്യമപ്രവര്‍ത്തനത്തിന്റെ പരിധിയില്‍വരുന്നതും.
പാര്‍ട്ടിയുടേയും മുഖ്യന്റെയും ചുറ്റിന് ആരാധകവൃന്ദങ്ങള്‍ മാത്രം നിറയുന്നതിനിടെ, രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാന്‍ ചുരുക്കംപേരെങ്കിലും അവശേഷിക്കുന്നതാണ് ജനാധിപത്യത്തിന് ഭൂഷണമെന്ന് പറയേണ്ടതില്ലല്ലോ. വംശനാശഭീഷണിയിലാണെങ്കിലും മാധ്യമപ്രവര്‍ത്തകരില്‍ കുറച്ചുപേരെങ്കിലും സ്വന്തംപണി ചെയ്യുന്നുണ്ടെന്നതാണ് മറ്റൊരാശ്വസം.
പറഞ്ഞുവന്നത് പ്രതിപക്ഷത്തിന്റെ കാര്യമാണ്. കുഞ്ഞാലിക്കുട്ടിയും കെ. മുരളീധരനുമെല്ലാം കടുത്ത ഭാഷയില്‍ പിണറായിയെ വിമര്‍ശിക്കാന്‍ മടിക്കുന്നവരാണ്. ഉമ്മന്‍ചാണ്ടിയാകട്ടെ പഴയ ഉശിരൊക്കെ പുറത്തെടുത്ത് ചെന്നിത്തലയെ സഹായിക്കാനുമൊരുക്കമല്ല. പ്രതിപക്ഷനേതാവാകട്ടെ കഴിഞ്ഞ തവണത്തെപ്പോലെ എല്ലാം മാധ്യമങ്ങള്‍ ചെയ്തുതരുമെന്ന് വിശ്വസിച്ച് അടുത്ത മുഖ്യമന്ത്രിക്കസേര സ്വപ്‌നംകണ്ടിരിക്കുന്നു. വല്ലപ്പോഴും ഉശിരുകാട്ടാന്‍ ശ്രമിക്കുമെന്നല്ലാതെ തുടര്‍ച്ചായായി സ്വന്തം പണിയെടുക്കുന്നതില്‍ പരാജയുമാണ്.
പിണറായി ഭരണം രണ്ടുകൊല്ലം തികയാറായിട്ടും സര്‍ക്കാരിനെ വിവാദച്ചുഴിയില്‍ പെടുത്തിയതില്‍ ഏറിയപങ്കും മുഖ്യമന്ത്രിയുടെ ഓഫീസും വകുപ്പുകളുമാണ്. വരാപ്പുഴ കസ്റ്റഡിമരണത്തോടെ പോലീസ് ഭരണവും ശരിയാകുന്ന മട്ടില്ല. ജനരോഷം പിണറായിക്കെതിരാണെന്ന തിരിച്ചറിവ് വൈകിയാണേലും പ്രതിപക്ഷത്തിനുണ്ടായി. പ്രതിഷേധത്തിന്റെ കുന്തമുന പിണറായിലേക്ക് തിരിച്ചുവിട്ട് പ്രതാപം പിടിക്കണമെന്നാണ് യു.ഡി.എഫിലെ പൊതുഅഭിപ്രായം. പിണറായിയെപേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാന്‍ തയ്യാറാകാത്ത കുഞ്ഞാലിക്കുട്ടി വരെ വൈകിയെങ്കിലും രംഗത്തുവന്നത് രംഗത്തുവന്നത് ഈ തിരിച്ചറിവിലാണ്.
സംസ്ഥാനം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നാണ് കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞത്. വരാപ്പുഴ കസ്റ്റഡിമരണത്തെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല കൊച്ചിയില്‍ നടത്തിയ ഉപവാസസമരത്തിന്റെ സമാപനത്തിലാണ് കുഞ്ഞാലിക്കുട്ടി പിണറായിക്കെതിരേ രൂക്ഷഭാഷയില്‍ പ്രതികരിച്ചത്. പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തലയും മോശമാക്കിയില്ല. യാത്രക്കാരെ ബന്ധിയാക്കി വിമാനം റാഞ്ചുന്നവരുടെ മാനസികാവസ്ഥയിലാണ് പിണറായിയെന്നും അദ്ദേഹത്തെ സ്‌റ്റോക്‌ഹോം സിന്‍ഡ്രം ബാധിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. പോലീസ് മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് പറയുന്ന പിണറായി വിജയന്, നിരപരാധികളെ മര്‍ദ്ദിച്ചുകൊല്ലുന്ന പോലീസുകാരോട് ആരാധനയാണെന്നും ചെന്നിത്തല പരിഹസിച്ചു.
ഒരു ഭരണാധികാരിയെന്ന നിലയില്‍ പാകതയുള്ള പെരുമാറ്റമല്ല പലപ്പോഴും മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകുന്നതെന്ന് പരക്കെ ആക്ഷേപമുയരുന്നുണ്ട്. ഇന്നലെ മനുഷ്യാവകാശകമ്മിഷന്‍ ആക്ടിങ് ചെയര്‍മാനെ വാട്‌സാപ് ഹര്‍ത്താലിനാഹ്വാനം ചെയ്ത മാനസികാവസ്ഥയുള്ളവരോട് താരതമ്യപ്പെടുത്തിയ പിണറായിയുടെ പ്രതികരണം ഏറെവിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. പക്ഷേ ഒരു ഗുണമുണ്ടായി, അവനവന്റെ പണിയെടുത്താല്‍ മതിയെന്ന മുഖ്യമന്ത്രിയുടെ ഉപദേശം, പൊതുസമൂഹത്തെ ചിന്തിപ്പിക്കും. ജനാധിപത്യരാജ്യത്ത് ആരൊക്കെ അവനവന്റെ പണി കൃത്യമായി ചെയ്യുന്നുണ്ടെന്ന് വിലയിരുത്താനുള്ള ഓര്‍മ്മപ്പെടുത്തലാകട്ടെ ഈ പ്രസ്താവന. ജനത്തിന് ചെയ്യാവാനുള്ള ഒരൊറ്റപ്പണി, അത് നന്നായറിയാമെന്ന് പലവട്ടം തെളിയിച്ചിട്ടും ഈ ഭരണപ്രതിപക്ഷ കക്ഷികള്‍ക്ക് മാത്രം മനസിലാവാത്തതെന്താണാവോ?

Loading...

LEAVE A REPLY

Please enter your comment!
Please enter your name here