തിരുവനന്തപുരം | സില്‍വര്‍ ലൈനില്‍ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ, കേരളത്തില്‍ അര്‍ദ്ധ അതിവേഗ തീവണ്ടി ഓടിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു. തിരുവനന്തപുരം ഡിവിഷനാകും രണ്ടു റേക്കുകള്‍ ലഭിക്കുക. ഇവ നിര്‍ത്തിയിടാനും അറ്റകൂറ്റപണി നടത്താനുമുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ഡിവിഷനു നിര്‍ദേശം ലഭിച്ചു.
വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടികള്‍ വിഭാവനം ചെയ്തിരിക്കുന്ന വേഗത്തില്‍ ഓടിക്കാന്‍ കേരളത്തിലെ പാതകളുടെ സ്ഥിതി അനുവദിക്കില്ല. സംസ്ഥാനത്തെ റെയില്‍വേ ട്രാക്കിന്റെ 40 ശതമാനത്തോളം മേഖലകളില്‍ വളവുകളുണ്ട്. 626 പ്രധാന കര്‍വുകളില്‍ മിക്കവയും പ്രധാന നഗര മേഖലകളിലാണ്. ഇവയെല്ലാം മാറ്റി ട്രാക്കുകള്‍ നവീകരിച്ചാലേ ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കാനാവൂ.
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് വന്ദേഭാരത് ട്രെയിനുകള്‍ വിഭാവനം ചെയ്തിട്ടുള്ളത്. എന്നാല്‍, കേരളത്തിലെ ട്രാക്കുകളിലെ നിലവിലെ പരമാവധി വേഗത ഇതിന്റെ പകുതിയാണ്. എറണാകുളം ഷൊര്‍ണൂര്‍ റൂട്ടില്‍ 80 കിലോമീറ്ററിലാണ് നിലവില്‍ ട്രെയിനുകള്‍ ഓടുന്നതെങ്കില്‍ ഷൊര്‍ണൂര്‍ മാംഗളൂര് റൂട്ടില്‍ 110 കിലോമീറ്റര്‍ വേഗത്തിലാണ് നിലവില്‍ ട്രെയിനുകളുടെ ഓട്ടം. അതിനാല്‍, തന്നെ കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകള്‍ക്ക് ഓടുക പരമവധി ജനശതാബ്ദിയുടേയോ രാജധാനിയുടേയോ ഒക്കെ വേഗത്തിലാകും.
സില്‍വര്‍ ലൈനിനുള്ള ബദലായി വന്ദേ ഭാരത് ട്രെയിനുകളെ ഉയര്‍ത്തി കാട്ടപ്പെടുന്നതിനിടയിലാണ് കേരളത്തിലും ട്രെയിന്‍ അനുവദിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ നീക്കം. പ്രത്യേകമായി രുപകല്‍പ്പന ചെയ്ത വന്ദേ ഭാരത് തീവണ്ടകളുടെ നിര്‍മാണം ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് പുരോഗമിക്കുന്നത്. ഇക്കൊല്ലം ആഗസ്റ്റോടെ ആദ്യ തീവണ്ടി സജ്ജമാകും. 2023 ഓഗസ്റ്റിനു മുമ്പ് 75 തീവണ്ടികള്‍ വിവിധ റെയില്‍വേ സോണുകളില്‍ എത്തും. തിരുവനന്തപുരം ഡിവിഷനിലേക്ക് രണ്ടു തീവണ്ടി ലഭിക്കും. 16 പാസഞ്ചര്‍ കാറുകളടങ്ങുന്നതാണ് ഒരു യൂണിറ്റ്. 1128 യാത്രക്കാര്‍ക്ക് ഇരിക്കാവുനതാണ് ഒരു തീവണ്ടി.
ദക്ഷിണ റെയില്‍വേയുടെ കീഴില്‍ തിരുവനന്തപുരത്തെ കൂടാതെ ചെന്നെ (ആറു), കോയമ്പത്തൂര്‍ (മൂന്ന്), തിരുച്ചിറപ്പള്ളി (രണ്ട്) എന്നവിടങ്ങളിലേക്കും റേക്കുകള്‍ അനുവദിക്കും.