കൊച്ചി: സി.പി.എമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി സംസ്ഥാന സമ്മേളനത്തിനു തുടക്കമായി. എറണാകുളം മറൈന്‍ ഡ്രൈവില്‍ സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന അംഗം ആനത്തലവട്ടം ആനന്ദന് പതാക ഉയര്‍ത്തി. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന്റെ ഏറ്റവും പ്രധാന അജണ്ടയായ നവകേരള സൃഷ്ടിക്കുള്ള നയരേഖ നാലു മണിക്കു മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിക്കും. തുടര്‍ന്നു ജില്ലതിരിച്ചുള്ള ഗ്രൂപ്പു ചര്‍ച്ചകള്‍ക്കായി പിരിയും. രണ്ടിനു പ്രവര്‍ത്തന റിപ്പോര്‍ട്ടിലും മൂന്നു നവകേരള നയരേഖയിലും ചര്‍ച്ച നടക്കും. നാലിനാണ് സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ്. പുതിയ കമ്മിറ്റി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെയും പ്രഖ്യാപിക്കും.
1964ല്‍ സി.പി.ഐ നാഷണല്‍ കൗണ്‍സിലില്‍ നിന്നു ഇറങ്ങിപ്പോന്ന് സി.പി.എമ്മിനു രൂപം നല്കിയ നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് വി.എസ്. അച്യുതാാനന്ദന് മാത്രമാണ്. സി.പി.എമ്മിന്റെ ചരിത്രത്തില്‍ വി.എസ്. അച്യുതാനന്ദന് ഇല്ലാത്ത ആദ്യ സമ്മേളനം കൂടിയാണിത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വി.എസ്. ആയിരുന്നു പതാക ഉയര്‍ത്തിയിരുന്നത്. ചിത്രങ്ങളില്‍ പോലും ഇക്കുറി വി.എസ്. ഇല്ലായെന്നതും ശ്രദ്ധേയമാണ്.