തിരുവനന്തപുരം: പോലീസിന്റെ പ്രവര്‍ത്തനത്തെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം രംഗത്ത്. എല്‍.ഡി.എഫിന്റെ പോലീസ് നയം ഇതല്ലെന്നും തിരുത്തല്‍ വേണമെന്നും ആവശ്യപ്പെടുന്ന മുഖപ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാം.


തിരുവനന്തപുരത്ത് ഐഎഎസ് ഉദ്യോഗസ്ഥന്‍ അമിത മദ്യലഹരിയില്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യമുണ്ടായ സംഭവം പൊലീസിലെയും ഉദ്യോഗസ്ഥമേഖലയിലെയും പുഴുക്കുത്തുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വഴിവച്ചിരിക്കുകയാണ്. ഈ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് തുടക്കം മുതല്‍ ദുരൂഹതകളും ഗൂഢനീക്കങ്ങളും മനസിലാക്കാവുന്ന നടപടികളാണുണ്ടായത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് സിറാജ് യൂണിറ്റ് ചീഫായ കെ എം ബഷീര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനമിടിച്ച് മരിക്കുന്നത്. ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് സംഭവത്തിന്റെ ഗൗരവാവസ്ഥ മയപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ആദ്യം തന്നെ ആരംഭിച്ചു. പരസ്പര വിരുദ്ധമായ പൊലീസിന്റെ വിശദീകരണങ്ങളും നിലപാടുകളും പരിശോധിച്ചാല്‍തന്നെ എന്തൊക്കെയോ കള്ളക്കളികള്‍ക്ക് പൊലീസ് ശ്രമിച്ചുവെന്ന് വ്യക്തമാകും. സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകളും മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും രൂക്ഷമായ പ്രതികരണങ്ങളും ഉണ്ടായി എന്നതുകൊണ്ടുമാത്രമാണ് ഇപ്പോഴത്തെ നടപടികളെങ്കിലും ഉണ്ടായത്.
പുരുഷനാണ് വാഹനമോടിച്ചതെന്ന് രണ്ടു ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നതാണ്. എന്നാല്‍ വനിതയാണ് വാഹനമോടിച്ചതെന്ന് വരുത്താനുള്ള ശ്രമമാണ് ആദ്യം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. പൊലീസ് പറഞ്ഞതായിരുന്നു ശരിയെങ്കില്‍ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയ അപകടം നടന്നതിന് കാരണക്കാരി ആ വനിതയാണ്. എന്നിട്ടും ആ വനിതയെ വാടകവാഹനം വിളിച്ച് പറഞ്ഞുവിടാന്‍ പൊലീസ് അനുവദിച്ചതെങ്ങനെ എന്ന ചോദ്യം അവശേഷിക്കുന്നു.
ദൃക്‌സാക്ഷിമൊഴികള്‍ പുറത്തുവരികയും മാധ്യമവാര്‍ത്തകള്‍ രൂക്ഷമാവുകയും ചെയ്തപ്പോഴാണ് ചെറിയ നടപടികള്‍ക്കെങ്കിലും പൊലീസ് തയ്യാറായതെന്ന് സംഭവത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടും. അമിതമായി മദ്യപിച്ചാണ് പിന്നീട്, ശ്രീറാം വെങ്കിട്ടരാമനെന്ന് തിരിച്ചറിഞ്ഞ വ്യക്തി വാഹനമോടിച്ചിരുന്നതെന്ന് ഒന്നിലധികം ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരാളുടെ മരണത്തിന് കാരണമായ അപകടം വരുത്തിയ വ്യക്തിയുടെ രക്തപരിശോധനയെന്ന പ്രാഥമികകാര്യം പോലും പൊലീസ് ഉടന്‍ നടത്തിയില്ല.
വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസ് എന്ന സഹയാത്രികയെ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് ശ്രീറാംവെങ്കിട്ടരാമനാണ് വാഹനമോടിച്ചതെന്ന് പൊലീസ് സമ്മതിച്ചത്. അതിന് മുമ്പ്തന്നെ നഗരത്തിലെ സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയില്‍ ചികിത്സ തേടുന്നതിനും പൊലീസ് അനുവദിച്ചു. റിമാന്‍ഡ് ചെയ്യപ്പെട്ടതിന് ശേഷവും അവിടെ പൊലീസ് സുരക്ഷയിലുള്ള സുഖചികിത്സയാണെന്ന് മാധ്യമങ്ങള്‍ കണ്ടെത്തിയപ്പോഴാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി അവിടെ നിന്ന് മാറ്റുന്നതിന് പൊലീസ് തയ്യാറായത്.
പ്രഥമ വിവര റിപ്പോര്‍ട്ടിലും ബോധപൂര്‍വമായ പിശകുകള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിന്ന് നടന്നായാല്‍ പോലും അഞ്ചുമിനിട്ടിനകം എത്താവുന്ന അപകടം അറിഞ്ഞത് രാവിലെ മാത്രമെന്ന കള്ളം റിപ്പോര്‍ട്ടിലുണ്ടെന്നത് ഗൗരവതരമാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷി അത്യാഹിത സഹായ നമ്പറില്‍ വിളിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. അതിന് വ്യക്തമായരേഖകളുണ്ടാകും. എന്നിട്ടും രാവിലെ മറ്റൊരു വ്യക്തിയുടെ പരാതി ലഭിച്ചാണ് വിവരമറിഞ്ഞതെന്ന പച്ചക്കള്ളമെഴുതിവച്ചതും ദുരൂഹതയുടെയും ഗൂഢാലോചനയുടെയും ആഴമാണ് വ്യക്തമാക്കുന്നത്.
കേരളം പ്രതീക്ഷിക്കുന്ന നടപടികളല്ല പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ ഐഎഎസ് ഉദ്യോഗസ്ഥന് രക്ഷപ്പെടുന്നതിനുള്ള പഴുതുകള്‍ സൃഷ്ടിക്കുകയും നടപടികളില്‍ അലംഭാവം കാട്ടുകയും ചെയ്ത തിരുവനന്തപുരത്തെ സംഭവത്തില്‍ മാത്രമല്ല അതുണ്ടായത്.
ചിലരെങ്കിലും കാട്ടിക്കൂട്ടുന്ന കസ്റ്റഡി മരണങ്ങളുടെയും അലംഭാവങ്ങളുടെയും നീതിരഹിതമായ നടപടികളുടെയും പേരില്‍ പൊലീസ് സംവിധാനത്തിനാകെ നാണക്കേടുണ്ടാകുന്ന സാഹചര്യം ആത്യന്തികമായി ഭരണത്തിന്റെ സല്‍പ്പേരിനെയും ബാധിക്കാനിടയാക്കുന്നുണ്ട്. നെടുങ്കണ്ടത്തെ കസ്റ്റഡിമരണത്തിന്റെ പേരില്‍ ഈ സര്‍ക്കാര്‍ കേള്‍ക്കേണ്ടിവന്ന പഴിക്ക് കണക്കില്ല. എറണാകുളത്ത് സിപിഐ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജ്ജും എംഎല്‍എയ്ക്ക് പോലും പരിക്കേല്‍ക്കാനിടയായതും സൃഷ്ടിച്ച വിവാദം കെട്ടടങ്ങിയിട്ടില്ല. കളക്ടറുടെ റിപ്പോര്‍ട്ടുണ്ടായിട്ടും ഗുരുതരമായ കൃത്യവിലോപം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വൈകുന്നതും വിമര്‍ശനവിധേയമാണ്. നടപടികളിലെ കാലവിളംബം ചില സംഭവങ്ങളെങ്കിലും ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നുവോ എന്ന സംശയം സ്വാഭാവികമാണ്.
പ്രവര്‍ത്തന മികവിന്റെ പേരില്‍ ക്രമസമാധാനപരിപാലന രംഗത്ത് അംഗീകാരങ്ങളും അനുമോദനങ്ങളും ലഭ്യമാകുമ്പോള്‍തന്നെ അതിന് അപവാദമായ സംഭവങ്ങളും ആവര്‍ത്തിക്കുന്നുവെന്നത് ഗുരുതരമായ പ്രശ്‌നമാണ്. കേരളം പ്രതീക്ഷിക്കുന്നതും എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ചതുമായ പൊലീസ് നയത്തിന് വിരുദ്ധമാണിത്. അതുകൊണ്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ കൂടുതല്‍ കര്‍ശനമായ നടപടികളുണ്ടാവണം.

LEAVE A REPLY

Please enter your comment!
Please enter your name here