വിഭാഗിയതയുടെ വാളോങ്ങാൻ ശ്രമിച്ചു, നേതാക്കളുടെ ട്രോളും പടപ്പുറപ്പാടും തരൂരിനെ വീണ്ടും ശക്തനാക്കുന്നു, താരിഖ് അൻവർ കേരളത്തിലേക്ക്

കോഴിക്കോട് | ശശി തരൂരിനെതിരെ വിഭാഗീയതയുടെ പടവാൾ ഉയർത്താൻ ശ്രമിച്ച വി.ഡി. സതീശൻ ഒറ്റപ്പെടുന്നു. ഒരു ഭാഗത്ത് കോൺഗ്രസ് നേതാക്കൾ സതീശനെ ട്രോളിയപ്പോൾ മറുഭാഗത്ത് കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ തന്നെ മാറുന്ന രീതിയിൽ തരൂരിന് പരസ്യ പിന്തുണ വർദ്ധിക്കുന്നു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ അടുത്ത ദിവസം കേരളത്തിലെത്തും.

ഊതി വീർപ്പിച്ച ബലൂണെന്ന സതീശന്റെ പരാമർശത്തെ ലോകകപ്പിൽ മെസിക്ക് കിട്ടിയതിനോട് കെ.മുരളീധരൻ ഉപമിച്ചു. ആളുകളെ വിലകുറച്ച് കണ്ടാല്‍ ഇന്നലെ മെസ്സിക്ക് പറ്റിയ പോലെ സംഭവിക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു. സൗദിയെ വിലകുറച്ച് കണ്ടതോടെ മെസിയ്ക്ക് തലയില്‍ മുണ്ടിട്ട് പോവേണ്ടി വന്നു. നമ്മള്‍ ഒരാളെ വിലയിരുത്തുമ്പോള്‍ അത് തരം താഴ്ത്തലിലേക്ക് പോവേണ്ടെന്നും ബലൂണ്‍ ചര്‍ച്ചയൊന്നും ഇവിടെ ആവശ്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവര്‍ത്തനവും വിഭാഗീയ പ്രവര്‍ത്തനമല്ലെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ച പരിപാടി മറ്റൊരു സംഘടന നടത്തിയില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന് വലിയ ചീത്തപ്പേരായി മാറിയേനെയെന്നും അദ്ദേഹം പറഞ്ഞു.

കുത്തിയാൽ പൊട്ടുന്ന ബലൂണിനെയും അതു പൊട്ടിക്കാൻ ഉപയോഗിക്കുന്ന സൂചിയെയും അതു പിടിക്കുന്ന കൈയ്യേയും ബഹുമാനിക്കുന്നവരാണ് തങ്ങളെന്ന് എം.കെ രാഘവൻ എം.പി പ്രതികരിച്ചു.

അതിനിടെ കണ്ണൂരിൽ തരൂരിന്റെ പരിപാടികൾക്ക് കൂടുതൽ പാർട്ടി പങ്കാളിത്തം ദൃശ്യമായി. ജില്ലാ പ്രസിഡന്റ് അടക്കമുള്ളവർ തരൂരിനെ സ്വീകരിക്കുകയും പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. തരൂരിനെ ഉദ്ഘാടകനാക്കി പരിപാടി സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. ആദ്യം ഒഴിവാക്കിയ വി.സി.സതീശന്റെ ചിത്രം സംഘാടകർ പോസ്റ്ററിൽ ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ, പരിപാടി അറിഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി പ്രതികരിച്ചു.

Congress kerala politics in new group concentration sasi tharoor vd satheesan

LEAVE A REPLY

Please enter your comment!
Please enter your name here