ഗവർണർക്കു മറുപടി: ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ അത് സാധുവല്ല, സാധുവാകുകയും ഇല്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം | ഭരണഘടനയും നിയമവ്യവസ്ഥയും അനുശാസിക്കുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിച്ച് ആ വഴിക്ക് നീങ്ങിയാല്‍ അത് സാധുവാകുകയില്ലെന്ന് ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി. രാജ്ഭവന്റെ അന്തസ്സ് കെടുത്തിയാൽ മന്ത്രിമാരെ പുറത്താക്കുമെന്ന ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരും ആരെയും വിമർശിക്കാൻ പാടില്ലെന്ന നില സ്വീകരിക്കുന്നത് സമൂഹത്തിന് ചേർന്നതല്ല. വിമർശനത്തിനും സ്വയം വിമർശനത്തിനും അഭിപ്രായം പറയുന്നതിനുമെല്ലാം സ്വാതന്ത്ര്യം തരുന്നതാണ് നമ്മുടെ ഭരണഘടന. ഫെഡറൽ തത്വങ്ങൾ പിന്തുടരുന്ന രാജ്യമാണ് നമ്മുടേത്. പാർലമെന്ററി ജനാധിപത്യമാണ് ഇവിടെ നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഫെഡറൽ സംവിധാനത്തിൽ ഗവർണറുടെ കർത്തവ്യം എന്തെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ സ്ഥാനവും വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധികളിലൂടെ അതിനു കൂടുതൽ വ്യക്തതയും വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശപ്രകാരം വേണം ഗവർണർ പ്രവർത്തിക്കാൻ. ഡോ. അംബേദ്കർ തന്നെ പറഞ്ഞത്, ഗവർണ്ണറുടെ വിവേചന അധികാരങ്ങൾ ‘വളരെ ഇടുങ്ങിയതാണ്’ എന്നാണ്. ഡൽഹി സർക്കാരും ലഫ്. ഗവർണറും തമ്മിലുള്ള കേസിൽ ‘മന്ത്രിസഭയുടെ ഉപദേശം പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടത്’ എന്നത് സുപ്രീം കോടതി എടുത്തു പറഞ്ഞിട്ടുണ്ട്

തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയ കക്ഷിയുടെയോ മുന്നണിയുടെയോ നേതാവിനെയാണ് മുഖ്യമന്ത്രിയായി നിശ്ചയിക്കുന്നത്. അങ്ങനെ നിയമിക്കപ്പെടുന്ന മുഖ്യമന്ത്രിയാണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. മന്ത്രിമാർ രാജി നൽകേണ്ടത് മുഖ്യമന്ത്രിക്കാണ്. അത് ഗവർണ്ണർക്ക് കൈമാറേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവർണർ തീരുമാനമെടുക്കുന്നത്. ഇതൊക്കെ ഭരണഘടനയുടെ കൃത്യമായ വ്യവസ്ഥകളും രാജ്യത്തു സംശയരഹിതമായി പാലിക്കപ്പെടുന്ന രീതികളും
ആണ്. ഇതൊന്നും അല്ല നമ്മുടെ ഭരണഘടന എന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ? അങ്ങനെ പറഞ്ഞാൽ അത് ഭരണഘടനാവിരുദ്ധം ആവില്ലേ?

നമ്മുടെ നാട്ടിലെ ഭരണഘടനയും നിയമവ്യവസ്ഥയും അനുശാസിക്കുന്നകാര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിക്കുകയും ആവഴിക്ക് നീങ്ങുകയും ചെയ്യുമ്പോൾ അത് സാധുവായ കാര്യം എന്ന് പറയാനാവില്ല. സാധു ആവുകയുമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തിനു മുന്നിൽ ആരും പരിഹാസ്യരാകരുത്. കാര്യങ്ങൾ നല്ല നിലയ്ക്ക് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനനുസരിച്ചുള്ള സമീപനമാണ് സർക്കാരിന്റേത്. അതു മനസ്സിലാക്കാനും തിരുത്താനും എല്ലാവർക്കും കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്നും അദ്ദേഹം മുഖ്യമന്ത്രി പറഞ്ഞു.

സർവകലാശാലകളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ഉതകുന്ന സമീപനം ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് ഉൾപ്പെടെ ഗവർണർ എടുത്ത നടപടികൾ നിയമപരമായിട്ടുള്ളതല്ല. എക്സ്–ഒഫീഷ്യോ അംഗങ്ങളെ അടക്കം ഒഴിവാക്കി. അതിന് നിയമം അദ്ദേഹത്തിന് അധികാരം നൽകുന്നില്ല. താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് പിൻവലിച്ചതെന്നു പറയുമ്പോൾ, സ്വാഭാവിക നീതി നൽകിയില്ല എന്നത് നിലനിൽക്കും. അത് അദ്ദേഹം മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.CM Pinarayi Vijayan’s response to Kerala Governor Arif Mohammed Khan tweet

LEAVE A REPLY

Please enter your comment!
Please enter your name here