തോണ്ടലൊന്നും ഇവിടെ ഏശില്ല, ഗവർണർക്ക് മുഖ്യമന്ത്രിയുടെ താക്കീത്

പാലക്കാട് | പൊതുവേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ശക്തമായി താക്കീത് ചെയ്തും വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ഗവർണറായി പെരുമാറിക്കൊള്ളണമെന്നും അതിനപ്പുറത്തേക്ക് ഒരിഞ്ച് പോലും കടക്കാമെന്ന് വിചാരിക്കേണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

അങ്ങനെയുള്ള തോണ്ടലൊന്നും ഇവിടെ ഏശില്ല. മാധ്യമങ്ങളെ സിൻഡിക്കേറ്റ് എന്ന് വിളിച്ചില്ലേ എന്നത് എന്തോ വലിയ അപരാധമായിട്ടാണ് അദ്ദേഹം ചോദിച്ചത്. ആ കഥയിലേക്കൊന്നും ഞാൻ പോകുന്നില്ല. എന്നാൽ ആ പരിപ്പൊന്നും ഇവിടെ വേവില്ല. ആരോട് ഇറങ്ങിപ്പോകാൻ ആര് പറഞ്ഞു എന്നാണ്. ആരെയാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. ഈ നാട്ടിൽ അന്തസ്സോടെ പറയാൻ കഴിയുന്ന കാര്യങ്ങൾ പറയാൻ കഴിയുന്നവർ തന്നെയാണ് ഞങ്ങൾ. ആരോടും അപമര്യാദയായി പെരുമാറുന്നില്ല, അതിന്റെ ആവശ്യമില്ല. അത് മനസ്സിലാക്കണം. മെല്ലെ തോണ്ടിക്കളയാം എന്ന് വെച്ചാൽ, ആ തോണ്ടലൊന്നും ഏശില്ലെന്നു പിണറായി പറഞ്ഞു. സിഐടിയു പാലക്കാട് ജില്ലാ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്താണ് നിങ്ങൾ മനസ്സിലാക്കുന്നത്. ഗവർണർ എന്ന സ്ഥാനത്തിരിക്കുന്നതിന്റെ ഭാഗമായി നിങ്ങൾക്കുള്ള അധികാരങ്ങളും പദവികളുമുണ്ട്. അത് വെച്ചു കൊണ്ട് പ്രവർത്തിച്ചു കൊള്ളണം. അതിനപ്പുറം ഒരിഞ്ച് കടക്കാമെന്ന് കരുതരുത്. ഭരണഘടന നൽകിയിട്ടുള്ള അധികാരങ്ങളുണ്ട്. സംസ്ഥാന സർക്കാർ എന്താണ് നിങ്ങളെ ഉപദേശിക്കുന്നത് അതനുസരിച്ച് കാര്യങ്ങൾ ചെയ്യുകയാണ് അത്. നിങ്ങൾക്ക് വ്യക്തിപരമായി ഒരു കാര്യവും ചെയ്യാനാവില്ല. അത്തരത്തിൽ ഒന്നുമായിട്ട് പുറപ്പെടുകയും വേണ്ടെന്നു പിണറായി പറഞ്ഞു.

cm pinarayi vijayan against governor arif mohammad khan comments

LEAVE A REPLY

Please enter your comment!
Please enter your name here