വിസിമാരുടെ നിയമനത്തിൽ ഗവർണർക്കും ഉത്തരവാദിത്വം, ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി

പാലക്കാട് | വിസിമാരുടെ നിയമനം ചട്ടവിരുദ്ധമെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഗവർണർക്കു തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ 9 സർവകലാശാലാ വൈസ് ചൻസർമാർക്ക് (വിസി) ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശം നൽകിയത് അസ്വഭാവിക നടപടിയാണ്. ഗവർണർ ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നുവെന്നും ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഗവർണറുടേത് നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ്. ഒൻപത് സർവകലാശാലകളുടെയും നിയമന അധികാരി ഗവർണറാണ്. നിയമനം ചട്ടവിരുദ്ധമെങ്കിൽ അതിനു ഉത്തരവാദി ഗവർണർ തന്നെയാണ്. ആദ്യം ഒഴിയേണ്ടത് വിസിമാരാണോയെന്ന് ഗവർണര്‍ ചിന്തിക്കണം. ഗവർണർ സംഘപരിവാറിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നു. സർവകലാശാലയുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റം ജനാധിപത്യത്തിന്റെ അന്തസത്ത ഹനിക്കുന്ന നീക്കമാണ്. ചില കാര്യങ്ങൾ നടപ്പാക്കാൻ ഗവർണർ അത്യുത്സാഹം കാണിക്കുന്നു. ഇത്തരത്തിലുള്ള അമിതാധികാര പ്രയോഗം അംഗീകരിക്കാനാവില്ല. സർക്കാരിനെ സമ്മർദത്തിലാക്കാനുള്ളതല്ല ഗവർണർ പദവിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ചില കാര്യങ്ങള്‍ നടത്താന്‍ അസ്വാഭാവിക തിടുക്കവും അത്യുത്സാഹവും കാണിക്കുകയാണ്. അതിലൂടെ നിയമവും നീതിയും നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാനപരമായ തത്വങ്ങള്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മറക്കുകയാണ്. അതിന്റെ ഭാഗമായാണ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. ഇതിനര്‍ത്ഥം ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ ചാന്‍സര്‍ പദവി ദുരുപയോഗം ചെയ്തിരിക്കുന്നുവെന്നാണ്. അത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുന്നതുമാണ്. ജനാധിപത്യപരമായി തിരഞ്ഞെടുത്ത സര്‍ക്കാരിന്റെയും അക്കാദമികപരമായി സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളുടേയും അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണ്. ജനാധിപത്യത്തെ മാനിക്കുന്ന ആര്‍ക്കും ഇത്തരത്തിലുള്ള അമിതാധികാര പ്രവണത അംഗീകരിച്ചുകൊടുക്കാനാകില്ല. ഗവര്‍ണര്‍ പദവി സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലുമാക്കാനല്ല. ആ പദവി സര്‍ക്കാരിനെതിരായ നീക്കം നടത്താനുമുള്ളതല്ല.

കെടിയു വൈസ് ചാൻസലർ നിയമനം സുപ്രീം കോടതി റദ്ദാക്കിയ ഉത്തരവ് സാങ്കേതികം മാത്രമാണ്. അതിൽ അപ്പീൽ സാധ്യതയുണ്ട്. സുപ്രീം കോടതി ഉത്തരവ് മറ്റു വിസിമാർക്ക് ബാധകമല്ല. പൊതുവായ വിധിയല്ല അത്. വിസിയെ നീക്കുന്നതിന് കൃത്യമായി പാലിക്കേണ്ട മാനദണ്ഡങ്ങളുണ്ട്. ചാൻസലർക്ക് വിസിയെ പിരിച്ചുവിടാൻ വ്യവസ്ഥയില്ല. അവരോട് രാജി ആവശ്യപ്പെടാൻ ഗവർണർക്ക് നിയമപരമായി അധികാരമില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here