ചേര്‍ത്തല സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗം ഓമനക്കുട്ടനെതിരെ പൊലീസ് കേസെടുത്തത് ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ്. എന്നാല്‍ നിജസ്ഥിതി ബോധ്യപ്പെട്ടതോടെ മാപ്പുപറയുകയാണ് സര്‍ക്കാരും സി.പി.എമ്മും ഉദ്യോഗസ്ഥരും.

മൊബൈല്‍ വീഡിയോ മാധ്യമങ്ങളും വിവാദമാക്കിയതോടെയാണ് റവന്യൂവകുപ്പ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. കേട്ടപാതി ഓമനക്കുട്ടനെ സി.പി.എം. സസ്‌പെന്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചതിനുള്ള ഓട്ടോ കൂലിയായി 70 രൂപയാണ് ക്യാമ്പ് അംഗങ്ങളോട് ഓമനക്കുട്ടന്‍ ചോദിച്ചത്. ഇക്കാര്യത്തില്‍ ക്യാമ്പിലുള്ളവര്‍ക്കും പരാതിയില്ലായിരുന്നു.

അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ക്യാമ്പ് അംഗങ്ങള്‍ ഓമനക്കുട്ടനുവേണ്ടിയാണ് സംസാരിച്ചത്. അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ച ഓമനക്കുട്ടനെ ഒറ്റപ്പെടുത്തേണ്ടതില്ലെന്നും വെറും 70 രൂപമാത്രമാണ് നല്‍കിയതെന്നും അവര്‍ പറഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി നില്‍ക്കുന്ന ഓമനക്കുട്ടനെ വില്ലനാക്കിയതില്‍ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. വേണുവും ഖേദം പ്രകടിപ്പിച്ചത്.

‘ഓമനക്കുട്ടനു ഇതുമൂലമുണ്ടായ വിഷമത്തെ ഞാനും എന്റെ വകുപ്പും പ്രളയത്തെ ഒന്നായി നേരിട്ട ഓരോരുത്തരും പങ്കിട്ടെടുക്കുന്നു. ഒബ്ജെക്റ്റിവിലി ശരിയല്ലാത്ത സബ്ജെക്റ്റീവിലി എന്നാല്‍ ശരി മാത്രമായ ഈ സത്യത്തിനു മുമ്പില്‍ ഓമനക്കുട്ടനേറ്റ ക്ഷതങ്ങള്‍ക്ക് മേല്‍ ദുരന്തനിവാരണ തലവന്‍ എന്ന നിലയില്‍ ഞാന്‍ ഖേദിക്കുന്നു, അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു.’ അദ്ദേഹം ഫെസ്ബുക്കിലൂടെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here