സി.പി.ഐ കമ്മ്യുണിസ്റ്റ് പേരൂം ചെങ്കോടിയും ഉപേക്ഷിക്കേണ്ടിയിരുന്നു, റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വര്‍ഗവഞ്ചകരെന്ന വിശേഷണം അന്വര്‍ഥമാക്കുന്നവരുമെന്ന് ചിന്ത

തിരുവനന്തപുരം: സി.പി.എമ്മിനും സി.പി.ഐക്കുമിടയില്‍ പുതിയ പേര്‍മുഖം തുറന്ന് ചിന്താ വാരികയില്‍ ലേഖനം. തിരുത്തന്‍വാദത്തിന്റെ ചരിത്ര വേരുകള്‍ തേടിയ ഇ രാമചന്ദ്രനുളള മറപടി അടുത്ത നവയുഗം പറയും. റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വര്‍ഗവഞ്ചകരെന്ന വിശേഷണം അന്വര്‍ഥമാക്കുന്നവരുമാണ് സി.പി.ഐയെന്ന് ലേഖനം പറഞ്ഞു വയ്ക്കുന്നു. കമ്യുണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയാണ് സി.പി.ഐയെന്നും വിമര്‍ശനമുണ്ട്.

സിപിഐ ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തിയെന്നു സ്വയം അവകാശപ്പെട്ട് രംഗത്തു വന്നിരിക്കുകയാണെന്നും മുന്‍പ് പലപ്പോഴും വലതുപക്ഷ മാധ്യമങ്ങള്‍ സിപിഎമ്മിനെ കുത്താനുള്ള ഒരുപാധിയായിട്ടാണ് സിപിഐക്ക് ഈ പദവി ചാര്‍ത്തിക്കൊടുത്തതെന്നും ലേഖനം വിശദീകരിക്കുന്നു. സിപിഎം അതിന്റെ ഇരുപത്തി മൂന്നാം പാര്‍ടി കോണ്‍ഗ്രസിലേക്കും, സി പി ഐ ഇരുപത്തിനാലാമത് സമ്മേളനങ്ങളിലേക്കും കടക്കാനിരിക്കയാണ്. ലോകത്തെങ്ങും കമ്യൂണിസ്റ്റ് പാര്‍ടി സമ്മേളനങ്ങളുടെ മുഖ്യ അജന്‍ഡ കഴിഞ്ഞകാല രാഷ്ട്രീയനിലപാടുകളുടെയും സമര – സംഘടനാപ്രവര്‍ത്തനങ്ങളുടെയും പുനഃപരിശോധനയാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സി പി ഐ പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങളില്‍ ചര്‍ച്ചചെയ്യാന്‍ അവതരിപ്പിക്കപ്പെട്ട രേഖ സ്വയം തിരുത്തുന്നതിനല്ല, സിപിഎമ്മിനെ തിരുത്തുന്ന കാര്യമാണ് ചര്‍ച്ചചെയ്യുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത. സിപിഐ നേതൃത്വം ഈ പ്രസ്താവത്തെ നിഷേധിച്ചിട്ടില്ലെന്നും രാമചന്ദ്രന്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അവിഭക്ത സിപിഐയിലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് ഒന്നര ദശാബ്ദത്തോളം രാഷ്ട്രീയ ചര്‍ച്ചകളില്‍ മുന്‍ നിന്നിരുന്ന ഒരു വാക്കാണ് തിരുത്തല്‍വാദം. മാര്‍ക്സിസത്തിന്റെ അടിസ്ഥാന നിലപാടുകളില്‍ നിന്ന് വലത്തോട്ടുള്ള വ്യതിയാനം എന്ന അര്‍ത്ഥത്തിലാണ് ആ പദം സിപിഐ ക്കെതിരെ പ്രയോഗിക്കപ്പെട്ടത്.

നിര്‍ണായകമായ സന്ദര്‍ഭത്തെ പാര്‍ട്ടിയിലെ വലത് നേതൃത്വം കൗശല പൂര്‍വം ഉപയോഗിച്ചുവെന്നും ചരിത്രത്തില്‍ ദീര്‍ഘകാല സൗഹൃദം പുലര്‍ത്തിപ്പോന്ന ചൈനയുമായുള്ള തര്‍ക്കങ്ങള്‍ ആയുധപ്പന്തയത്തിലൂടെയല്ല നയതന്ത്ര ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്ന നിലപാട് എടുത്ത പാര്‍ടി നേതാക്കന്മാരെ അവര്‍ പോലീസിന് ഒറ്റുകൊടുത്തുവെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. സ്വന്തം സഖാക്കളെ വര്‍ഗശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് ചൈന ചാരന്മാരെന്നു മുദ്ര കുത്തി ജയിലറകളില്‍ അടച്ചു. തിരുത്തല്‍ വാദം എന്ന വ്യതിയാനം എത്ര നികൃഷ്ടമായ പ്രവൃത്തികളിലേക്കും നയിച്ചേക്കാം എന്നതിന്റെ തെളിവായി ചരിത്രത്താളുകളില്‍ ഈ സംഭവം അടയാളപ്പെട്ടു കിടക്കുന്നു.

പാര്‍ടി പിളര്‍പ്പിന് ശേഷം ആദ്യ ബലപരീക്ഷണം കേരള സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പായിരുന്നു. യോജിച്ചു പൊരുതാമെന്നുള്ള സി.പി.എം നിര്‍ദേശം തള്ളി മത്സരിച്ച സി.പി.ഐ ഒന്നോ രണ്ടോ സീറ്റുകളിലൊഴികെ എല്ലായിടത്തും കെട്ടിവെച്ച കാശു നഷ്ടപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ നാണം കെട്ടു. 1967 ല്‍ സിപിഎം നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയില്‍ അംഗമാകാന്‍ സിപിഐ തയ്യാറായി. ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭയില്‍ എം എന്‍ ഗോവിന്ദന്‍ നായരും ടി വി തോമസും മന്ത്രിമാരാകുകയായിരുന്നു. എന്നാല്‍ വര്‍ഗവഞ്ചകരെന്ന ആക്ഷേപത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് കിട്ടിയ ആദ്യ സന്ദര്‍ഭത്തില്‍ തന്നെ സര്‍ക്കാരിനെ പുറത്താക്കാന്‍ ആ പാര്‍ടി മുന്നോട്ടു വന്നു. അടിയന്തരാവസ്ഥയെ അനുകൂലിച്ച് സിപിഐ പ്രചരണം ഏറ്റെടുത്തു. സന്ദര്‍ഭം കിട്ടിയപ്പോഴൊക്കെയും ബുര്‍ഷ്വാപാര്‍ടികള്‍ക്കൊപ്പം അധികാരം പങ്കിടാന്‍ സിപിഐക്ക് ഒരു മടിയും ഉണ്ടായില്ല. ‘ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തി’ എന്നൊക്കെയുള്ള വലതുപക്ഷ മാധ്യമ വായ്ത്താരികളെ വാരിപ്പുണരുന്നതും, മാറത്തണിയുന്നതുമൊക്കെ റിവിഷനിസ്റ്റ് രോഗത്തിന്റെ ബഹിര്‍പ്രകടനമായേ കണക്കാക്കേണ്ടതുള്ളൂവെന്ന് പറഞ്ഞാണ് ലേഖനം പറഞ്ഞവാനിപ്പിക്കുന്നത് അവസാനിക്കുന്നത്.

ചിന്തയിലെ വിമര്‍ശനത്തിനു നവയുഗം മറുപടി നല്‍കുമെന്നായിരുന്നു ഇതിനോടുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. പാര്‍ട്ടികള്‍ തമ്മില്‍ പ്രത്യയശാസ്ത്ര തര്‍ക്കങ്ങള്‍ പാടില്ലെന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം, ലേഖനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി തയാറായില്ല. വായനക്കാരുടെ പ്രതികരണമാണത്. പാര്‍ട്ടിക്കു നിലപാടു പറയാനുണ്ടെങ്കില്‍ പാര്‍ട്ടി തന്നെ പറയും. അതിനു ആരുടേയും ശീട്ട് വേണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here