കാനയില്‍ വീണ കുഞ്ഞിനെ രക്ഷിച്ചത് അമ്മയുടെ സമയോചിതമായ ഇടപെടല്‍, രണ്ടാഴ്ചയ്ക്കകം കാനകള്‍ അടയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി | ‘… കാനയിലേക്ക് നോക്കുമ്പോള്‍ അവന്‍ മുങ്ങിപ്പോകുന്നതാണ് കണ്ടത്. ഞാന്‍ ചാടി കാനയിലിറങ്ങി എന്റെ കാലിന്റെ വിരല്‍ കൊണ്ട് അവന്റെ കഴുത്തിന്റെ രണ്ടുഭാഗത്തും പിടിച്ച് പൊക്കി നിര്‍ത്തി…’ അമ്മയുടെ സമയോചിതമായ ഇടപെടല്‍ മൂന്നു വയസുകാരനെ പനമ്പള്ളിനഗറിലെ കാനയില്‍ നിന്നു രക്ഷപെടുത്തി. കാനയില്‍ നല്ല ഒഴുക്കുണ്ടായിരുന്നെന്നും കുട്ടി ഒഴുകിപ്പോകാതിരിക്കാന്‍ കാല്‍വിരല്‍ കൊണ്ട് പിടിച്ചുനിര്‍ത്തുകയായിരുന്നെന്നും അമ്മ ആതിര പറയുന്നു. വ്യാഴാഴ്ച വൈകിട്ട് എട്ടുമണിയോടെയാണ് അമ്മയ്‌ക്കൊപ്പം നടന്നുവന്ന കുട്ടി കാനയില്‍ വീണത്. കുട്ടിയിപ്പോള്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

‘ഞാന്‍ കരഞ്ഞ് ബഹളംവെച്ചപ്പോള്‍ അടുത്തുണ്ടായിരുന്ന ആളുകളെല്ലാം ഓടിയെത്തി മോനെ എടുത്തു. അവന്റെ ദേഹത്ത് മുഴുവന്‍ അഴുക്കായിരുന്നു. ആരൊക്കെയോ ചേര്‍ന്ന് സോപ്പും വെള്ളവുമൊക്കെ കൊണ്ടുവന്ന് അപ്പോള്‍ തന്നെ മോനെ കുളിപ്പിച്ചു. അപ്പോള്‍ അവിടെ വന്ന സിനി ആര്‍ട്ടിസ്റ്റ് ദേവനും ഭാര്യയും ഞങ്ങളെ വീട്ടില്‍ കൊണ്ടുവന്നാക്കി. വീട്ടില്‍ നിന്ന് വസ്ത്രം മാറിയ ശേഷം ഞങ്ങള്‍ ആശുപത്രിയിലേക്ക് പോയി കുഞ്ഞിന്റെ അമ്മ ആതിര പറയുന്നു.

ഐസിയുവില്‍ പ്രവേശിപ്പിച്ച കുട്ടി ഇപ്പോള്‍ നിരീക്ഷണത്തിലാണ്. തലയ്ക്ക് ചെറിയ പരിക്കുണ്ട്. രക്തത്തില്‍ ചെറിയ ഇന്‍ഫെക്ഷനുണ്ട്. കുട്ടിയുടെ ആരോഗ്യനിലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. വിഷയത്തില്‍ ഹൈക്കോടതി ഗൗരമായി ഇടപെട്ടതോടെ കോര്‍പ്പറേഷന്‍ സെക്രട്ടറിക്കു നേരിട്ടു ഹാജരാകേണ്ടി വന്നു. കൊച്ചി കോര്‍പറേഷനെ രൂക്ഷമായി വിമര്‍ശിച്ച കോടതി രണ്ടാഴ്ചയ്ക്കകം കാനകള്‍ അടയ്ക്കാനും നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here