അങ്ങോട്ടും ചിലത് ചോദിക്കാനുണ്ട്’; അമിത് ഷായോട് എണ്ണിയെണ്ണി ചോദ്യങ്ങൾ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ചോദ്യങ്ങൾ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊല്ലത്ത് എത്തിയ മുഖ്യമന്ത്രി രാവിലെ വാർത്താസമ്മേളനത്തിലാണ് ‘അങ്ങോട്ടും ചില ചോദ്യങ്ങളുണ്ട്’ എന്ന് പറഞ്ഞ് അമിത് ഷായോട് മുഖ്യമന്ത്രി ചില ചോദ്യങ്ങൾ ചോദിച്ചത്. അനീതി കണ്ടാൽ പേടിച്ച് മിണ്ടാതിരിക്കില്ലെന്ന് അമിത് ഷായ്ക്കുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ ഏജൻസികൾക്ക് ഒരു ചോദ്യത്തിനും ഉത്തരം ഇല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

‘സ്വർണം, ഡോളർ കടത്ത് എന്നിവയെക്കുറിച്ച് പറയുമ്പോൾ മുഖ്യമന്ത്രിക്ക് സഹിക്കുന്നില്ലെന്നാണ് പറയുന്നത്. അതിന് പറയാനുള്ള മറുപടി, അസഹിഷ്ണുതയുടെ രാഷ്ട്രീയം ഞങ്ങളുടേതല്ല. അനീതിയും അസഹിഷ്ണുതയും അക്രമവും കണ്ടാൽ പേടിച്ചു മിണ്ടാതിരിക്കുന്ന പതിവും ഞങ്ങൾക്കില്ല. ഇതാണ്, അതിന് ആദ്യമായിട്ട് പറയാനുള്ളത്. പിന്നെ അദ്ദേഹം ചോദിച്ച ചോദ്യങ്ങൾ, സ്വർണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി താങ്കളുടെ ഓഫീസിലല്ലേ പ്രവർത്തിക്കുന്നത് ? മൂന്നര ലക്ഷം രൂപ ശമ്പളം നൽകിയില്ലേ? പ്രധാന പ്രതി സർക്കാർ ചെലവിൽ യാത്ര നടത്തിയോ? പ്രിൻസിപ്പൽ സെക്രട്ടറി പ്രതികൾക്കായി ഫോൺ ചെയ്തോ? കസ്റ്റംസിനു മേൽ സമ്മർദ്ദം ചെലുത്തിയോ? ഇത്രയും നാള് എല്ലാം ഏജൻസികളെയും കൊണ്ടുവന്ന് തലങ്ങും വിലങ്ങും അന്വേഷിച്ചിട്ട് ഒരു ചോദ്യത്തിനും ഉത്തരം കിട്ടിയില്ല എന്ന അദ്ദേഹത്തിന്റെ വിഷമം നമുക്കെല്ലാവർക്കും മനസിലാക്കാനാകും. കഴിഞ്ഞ തവണ അദ്ദേഹം വന്നപ്പോൾ ഒരു മരണത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്തേ ഇപ്പോ അതിനെപ്പറ്റി മിണ്ടാട്ടമില്ലാത്തത്. അതിനെക്കുറിച്ച് തിരിച്ച് ഞാൻ ചോദിച്ചിരുന്നല്ലോ? ഇപ്പോ ഒന്നും പറയുന്നില്ല, അതിനെപ്പറ്റി. കേന്ദ്ര അന്വേഷണ ഏജൻസികളെ നിയന്ത്രിച്ചയാളാണ് അദ്ദേഹം.’ – മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ആഭ്യന്തരവകുപ്പ് അദ്ദേഹമാണല്ലോ കൈകാര്യം ചെയ്യുന്നത്. ആ നിലയ്ക്ക് ചില ചോദ്യങ്ങള് അദ്ദേഹത്തോട് ചോദിക്കാനുണ്ട്. സ്വർണം അയച്ചയാളെ കഴിഞ്ഞ ഒമ്പതുമാസമായി പിടി കൂടിയോ? സ്വർണ കള്ളക്കടത്തിലാണല്ലോ അന്വേഷണം തുടങ്ങിയത്. ഒമ്പതു മാസമായിട്ട് എന്തേ ഈ സ്വർണം അയച്ചയാളെ പിടി കൂടാൻ കഴിയാത്തത്. കള്ളക്കടത്ത് സ്വർണം ഇങ്ങോട്ടു വന്നു. ആര് എന്തിന് ഉപയോഗിച്ചു? അത് അന്വേഷണത്തിൽ തെളിഞ്ഞോ? എന്ത് അന്വേഷണമാണ് പിന്നെ നടക്കുന്നത്. ഇതായിരുന്നല്ലോ ഞാൻ ആദ്യമേ എഴുതിയ കത്തിൽ പ്രധാനമന്ത്രിയോ ആവശ്യപ്പെട്ടത്. പിന്നെ ലേശം വിഷമമുള്ള കാര്യമാണ്. ഈ സ്വർണം എത്തിയത് ആ‌‌ർ എസ് എസ് ബന്ധമുള്ളവരിലേക്ക് ആണോ? ആർ എസ് എസുകാർ ആരും സ്വർണം കടത്തുന്നവരാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ, ചിലര് ഇതുമായി ബന്ധമുള്ളവരായോ? അവരിലേക്ക് സ്വർണം എത്തിയിട്ടുണ്ടോ? യു എ പി എ ചുമത്തിയിട്ടും പ്രതികൾക്ക് വേഗത്തിൽ ജാമ്യം കിട്ടിയല്ലോ? അതെന്തു കൊണ്ടായിരുന്നു. സ്വർണ കള്ളക്കടത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ഒപ്പമിരിക്കുന്ന ആർക്കെങ്കിലും പങ്കുണ്ടോ? പ്രതികളെ രക്ഷപ്പെടുത്താൻ വിദേശകാര്യ സഹമന്ത്രിയായ ആൾ നടത്തിയ പരാമർശം ആഭ്യന്തരമന്ത്രിക്ക് അറിയാത്തത് ആണോ? സ്വർണകടത്തിൽ പ്രതിയായ ആളെ വിമാനത്താവളത്തിൽ കസ്റ്റംസിൽ നിയമിച്ചത് ആരായിരുന്നു. അത്തരക്കാരെ സംരക്ഷിച്ചത് ആരാണ്? കള്ളക്കടത്തുമായി ബന്ധമുള്ളയാളെ സംരക്ഷിക്കേണ്ട കാര്യം എന്താണ്? ഇതിനൊക്കെയുള്ള ഉത്തരം അമിത് ഷായിൽ നിന്ന് സ്വാഭാവികമായി നാട് പ്രതീക്ഷിക്കുന്നു.’ – മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ ഏജൻസികൾ നിയന്ത്രിക്കുന്ന ആഭ്യന്തരമന്ത്രി എന്ന നിലയ്ക്ക് അതിനെല്ലാം ഉത്തരം പറഞ്ഞിട്ട് ചോദ്യങ്ങൾ ചോദിക്കുന്നത് ആയിരിക്കും ഭംഗിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here