വാഗമണ്‍ | വാഗമണില്‍ ഓഫ് റോഡ് റേസില്‍ പങ്കെടുത്ത സിനിമ നടന് ജോജു ജോര്‍ജിനെതിരെ കേസെടുത്തു. ഓഫ് റോഡ് ട്രക്കിംഗിനു ജില്ലകയില്‍ നിലനില്‍ക്കുന്ന നിരോധനം മറികടന്നതിനാണ് ജോജു, സ്ഥലം ഉടമ, സംഘാടകര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.
മൂന്നു ദിവസം മുന്‍പാണ് വാഗമണ്ണില്‍ ജോജു ജോര്‍ജും നടന് ബിനു പപ്പുവും പങ്കെടുത്ത ഓഫ് റോഡ് ജീപ്പ് റൈഡ് നടന്നത്. ജോജുവും സംഘവും അപകടകരമായി വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കെ.എസ്.യു. നല്കിയ പരാതിയിലാണ് പോലീസ് നടപടി. സംഭവത്തില്‍ നിയമലംഘനം ബോധ്യപ്പെട്ടുവെന്ന് മോട്ടോര്‍ വാഹന വകുപ്പും വ്യക്തമാക്കി. ജോജു ജോര്‍ജിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് മോട്ടോര്‍വാഹന വകുപ്പും നോട്ടിസ് നല്‍കിയിട്ടുണ്ട്. അപകടകരമായി വാഹനമോടിച്ചതിനാണ് മോട്ടോര്‍വാഹന വകുപ്പിന്റെ നടപടി. ഇതിനു പുറമെ, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇടുക്കി ആര്‍ടിഒ, വണ്ടിപ്പെരിയാര്‍ ജോയിന്റ് ആര്‍ടിഒയെ ചുമതലപ്പെടുത്തി. സംഭവത്തില്‍ ഇടുക്കി എസ്പിക്കു ലഭിച്ച പരാതി അദ്ദേഹം വാഗമണ്‍ പൊലീസിനു കൈമാറുകയായിരുന്നു.