കൊച്ചി: ക്യാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന്റെ അക്കൗണ്ടില്‍ രണ്ടു കോടി 21 ലക്ഷം രൂപ കണ്ടെത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി). ഇതില്‍ 31 ലക്ഷം രൂപ വിദേശത്തുനിന്ന് എത്തിയതായും ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നാണ് റൗഫ് ഷെരീഫിനെ ഡല്‍ഹിയില്‍നിന്നുള്ള ഇഡി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്. ഡല്‍ഹി കലാപവും അതിനുശേഷം ഹത്രാസ് സംഭവവുമൊക്കെ നടക്കുന്ന സമയത്ത് പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ കണക്കുകള്‍ റിപ്പോര്‍ട്ടിലുണ്ട്.

മൂന്ന് അക്കൗണ്ടുകളാണ് റൗഫ് ഷെരീഫിന്റെ പേരിലുണ്ടായിരുന്നത്. ഐസിഐസിഐ, ഫെഡറല്‍, ആക്‌സിസ് എന്നീ ബാങ്കുകളിലാണ് അക്കൗണ്ടുകള്‍. ഐസിഐസിഐ ബാങ്കിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 1.35 കോടി രൂപയില്‍ 29,18,511 വിദേശത്തുനിന്നു വന്നതാണെന്നും ഈ വര്‍ഷം ഏപ്രില്‍, ജൂണ്‍ മാസത്തിലാണ് പണമെത്തിയതെന്നും ഇഡി കണ്ടെത്തി. 67 ലക്ഷം രൂപയായിരുന്നു ഫെഡറല്‍ ബാങ്കിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇതില്‍ 19.7 ലക്ഷം രൂപ മെയ്, ഒക്ടോബര്‍ മാസങ്ങളില്‍ വിദേശത്തുനിന്ന് വന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ആക്‌സിസ് ബാങ്കിന്റെ അക്കൗണ്ടില്‍ 20 ലക്ഷം രൂപയുണ്ടായിരുന്നതായും കണ്ടെത്തി. ക്യാംപസ് ഫ്രണ്ടിന് സ്വന്തമായി അക്കൗണ്ട് ഉണ്ടായിരുന്നില്ലെന്നും ദേശീയ സെക്രട്ടറിയാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നതെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്. ഈ പണം ക്യാംപസ് ഫ്രണ്ടിന്റെ ദേശീയ ട്രഷറര്‍ അതീഖര്‍ റഹ്മാന്റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ഈ അതീഖര്‍ റഹ്മാനൊപ്പമാണ് മലയാളി മധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ യുപിയിലെ ഹത്രാസിലേക്കുള്ള യാത്രയില്‍ പൊലീസിന്റെ പിടിയിലായതെന്നും ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മസ്‌കറ്റിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു ഇഡി ഇന്നലെ റൗഫ് ഷെരീഫിനെ കസ്റ്റഡിയില്‍ എത്തിയത്. തുടര്‍ന്ന് ഇയാളുടെ കൊല്ലം അഞ്ചലിലെ വീട്ടില്‍ ഇഡി ഇന്നലെ പരിശോധന നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ അന്വേഷണം. റൗഫിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here