തിരുവനന്തപുരം: യു.ഡി.എഫിലും ബി.ജെ.പിയും സ്ഥാനാര്‍ത്ഥികളുടെ കാര്യം എങ്ങുമെത്തിയിട്ടില്ല. തലങ്ങും വിലങ്ങും ചര്‍ച്ചകളും തര്‍ക്കങ്ങളും തുടരുകയാണ്. അതിനിടെ, പതിവ് സമവാക്യങ്ങള്‍ പോലും മാറ്റിയെഴുതി ആദ്യറൗണ്ടില്‍ സ്‌കോറിംഗിനൊരുങ്ങുകയാണ് ഇടതു മുന്നണി.

അഞ്ചിലും സി.പി.എമ്മാണ് മത്സരിക്കുന്നത്. എന്നു മാത്രമല്ല സ്ഥാനാര്‍ത്ഥികളും റെഡി. ഇനി പ്രഖ്യാപിക്കേണ്ട താമസം മാത്രം. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിപ്പോയ വട്ടിയൂര്‍ക്കാവില്‍ മേയര്‍ വി.കെ. പ്രശാന്തിനെ രംഗത്തിറക്കാനാണ് തീരുമാനം.

അടൂര്‍ പ്രകാശിന്റെ കോന്നി തട്ടകത്തിലും സി.പി.എമ്മിനു പുതുമുഖമാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജിനേഷ് കുമാറാകും ഇവിടെ സ്ഥാനാര്‍ത്ഥി. അരൂരില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐയുടെ മറ്റൊരു വൈസ് പ്രസിഡന്റുമായ മനു സി പുളിക്കനെയാണ് രംഗത്തിറക്കുന്നത്.

ലത്തീന്‍ സമുദായംഗമായ യുവ അഭിഭാഷകന്‍ മനു റോയ് സ്വതന്ത്ര ചിഹ്നത്തിലാകും എറണാകുളത്ത് സി.പി.എമ്മിനായി കളത്തിലിറങ്ങുക. മഞ്ചേശ്വരത്ത് നേരത്തെ അട്ടിമറി വിജയം നേടിയിട്ടുള്ള എംഎല്‍എയായ സി.എച്ച് കുഞ്ഞമ്പുവിനെയാണ് ഇക്കുറിയും കളത്തിലിറക്കുന്നത്.

അതേസമയം, സിറ്റിംഗ് സീറ്റായ വട്ടിയൂര്‍ക്കാവിലും മകാന്നിയും ആരു മത്സരിക്കണമെന്ന കാര്യത്തില്‍ രൂക്ഷമായ ചേരിപ്പോര് കോണ്‍ഗ്രസില്‍ നിലനില്‍ക്കുകയാണ്. വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറിപ്പിനെ പ്രാദേശിക നേതൃത്വം തള്ളുമ്പോള്‍ കെ. മുരളീധരന്‍ ശക്തമായി തന്നെ പിന്താങ്ങുകയാണ്. കോന്നിയിലും സ്ഥിതി വ്യത്യസ്തമല്ല. അടൂര്‍ പ്രകാശും ഡി.സി.സിയും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തല്‍ രണ്ടു തട്ടിലാണ്. എറണാകുളത്ത് ടി.ജെ. വിനോദിനും അരൂരില്‍ എസ്. രാജേഷിനുമാണ് മുന്‍ഗണന. മഞ്ചേശ്വരത്തിന്റെ കാര്യത്തില്‍ ലീഗില്‍ പൊട്ടത്തെറിയാണ്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചെങ്കിലും പ്രാദേശിക നേതൃത്വം ശക്തമായ പ്രതിഷേധത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here