കൊച്ചി പുകയുന്നു, ജനങ്ങള്‍ക്ക് ശ്വാസം മുട്ടുന്നു… N95മാസ്‌ക് ഉപയോഗിക്കാന്‍ നിര്‍ദേശം, അരൂരിലും ആശങ്ക

കൊച്ചി| തീ അണയുന്നു. എന്നാല്‍ പുകയ്ക്കു ശമനമില്ല. പുകഞ്ഞു പുകഞ്ഞു കൊച്ചിയിലെ വായു അപായരേഖയില്‍ തൊട്ടു കഴിഞ്ഞു. വിഷപ്പുക എറണാകുളം ജില്ലയ്ക്കു പുറത്തേക്കും വ്യാപിക്കുകയാണ്. ആലപ്പുഴ അരൂരിലേക്കും പുക വ്യാപിച്ചു. അതിനിടെ തീ അണയ്ക്കാനുള്ള ശ്രമം അഞ്ചാം ദിവസത്തിലേക്ക് കടന്നു.

വൈറ്റിലയിലെ അന്തരീക്ഷ മലിനീകരണ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള ലൈവ് പരിശോധനാ റിപ്പോര്‍ട്ടു പ്രകാരം ഞായറാഴ്ച രാത്രി പത്തിനു പി.എം 2.5 ന്റെ മൂല്യം 441 എന്ന ഗുരുതരമായ അളവിലേക്ക് ഉയര്‍ന്നിട്ടുണ്ട്. നല്ലാ ആരോഗ്യമുള്ളവര്‍ക്കുപോലും ശ്വാസകോശ പ്രശ്‌നങ്ങള്‍ അനുഭവപ്പെടാവുന്ന അന്തരീക്ഷമാണ് കൊച്ചിയിലും പരിസര പ്രദേശങ്ങളിലും.

പുക പടര്‍ന്നിരിക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കണമെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കി. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, വയോധികര്‍ തുടങ്ങിയവര്‍ കഴിവതും വീട്ടിനുള്ളില്‍ തന്നെ തുടരണം.

തീപ്പിടിത്തത്തെ തുടര്‍ന്നുള്ള പുകമൂലം ബ്രഹ്‌മപുരത്തും പരിസരത്തുമുള്ളവര്‍ ശ്വാസംമുട്ടിയാണ് കഴിയുന്നത്. ഇരുമ്പനം, എരൂര്‍, അമ്പലമുകള്‍, ഹില്‍പാലസ്, തൃപ്പൂണിത്തുറ ഭാഗങ്ങളിലാണ് പുകശല്യം രൂക്ഷമായിട്ടുള്ളത്. ബ്രഹ്‌മപുരം പ്രദേശത്ത് നിരവധിപ്പേരാണ് ചുമയും വലിവും ശ്വാസംമുട്ടലുമായി ചികിത്സ തേടിയത്.

മുന്‍കരുതലായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ 100 കിടക്കകളും തൃപ്പൂണിത്തുറ താലുക്ക് ആശുപത്രിയില്‍ 20 കിടക്കകളും മെഡി. കോേളജ് ആശുപത്രിയില്‍ കുട്ടികള്‍ക്കായി 10 കിടക്കകളും സ്‌മോക്ക് കാഷ്വാലിറ്റിയും സജ്ജമാക്കി. അഗ്‌നിരക്ഷാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശ്വാസതടസ്സം ഉണ്ടായാല്‍ ഉപയോഗിക്കുന്നതിനായി രണ്ട് ഓക്സിജന്‍ പാര്‍ലറുകള്‍ ബ്രഹ്‌മപുരത്ത് സജ്ജമാക്കിയിട്ടുണ്ട്.

പി.എം. (പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ അഥവാ പൊടിപടലങ്ങളുടെ സൂക്ഷ്മകണങ്ങള്‍). ആഗോളതലത്തില്‍ അന്തരീക്ഷ വായുവിന്റെ ശുദ്ധത അളക്കുന്നതിനുള്ള മാനകമാണ്. ശ്വസനപ്രക്രിയയിലൂടെ മനുഷ്യന്റെ ശ്വാസകോശത്തിലേക്ക് കടക്കുന്ന പൊടിപടലങ്ങളുടെ സൂക്ഷ്മകണങ്ങളാണിത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ഇടവരുത്തിയേക്കും. കേരളത്തിലെ ജനങ്ങളില്‍ 10 ശതമാനവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്.

  • പി.എം. – 10 (ഒരു ഘന അടി അന്തരീക്ഷ വായുവില്‍ അടങ്ങിയ സൂക്ഷ്മകണങ്ങളുടെ വ്യാസം 10 മൈക്രോണില്‍ കുറവ്).
  • പി.എം. 2.5 (ഒരു ഘന അടി അന്തരീക്ഷ വായുവില്‍ അടങ്ങിയ സൂക്ഷ്മകണങ്ങളുടെ വ്യാസം 2.5 മൈക്രോണില്‍ കുറവ്).

പുകഞ്ഞു പുകഞ്ഞ് കൊച്ചിയിലെ വായു അപായരേഖയില്‍ തൊട്ടു നിലയാണ്.

ബ്രഹ്‌മപുരത്തെ തീപ്പിടിത്തംമൂലം വിവിധ പ്രദേശങ്ങളില്‍ പുക പടര്‍ന്ന സാഹചര്യത്തില്‍ ഈ മേഖലയിലെ വിദ്യാലയങ്ങള്‍ക്കും മറ്റും തിങ്കളാഴ്ച ഭാഗിക അവധി പ്രഖ്യാപിച്ചു. ഈ മേഖലയില്‍ വരുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകളിലെ ഒന്നുമുതല്‍ ഏഴുവരെയുള്ള ക്ലാസുകള്‍ക്കും തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല. എന്നാല്‍ പൊതുപരീക്ഷകള്‍ക്കു മാറ്റമുണ്ടാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here