ക്ലിഫ് ഹൗസിലെ കല്ലിടലില്‍ ഞെട്ടി ഭരണസംവിധാനം, സുരക്ഷാ വീഴ്ച ഉദ്യോഗസ്ഥരെ വെള്ളം കുടിപ്പിക്കും, മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും വീടുകളിലേക്ക് കല്ലുമായി ബി.ജെ.പി

തിരുവനന്തപുരം | സര്‍വേകല്ലുമായി ആറു പേര്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ക്ലിഫ് ഹൗസ് വളപ്പിലേക്ക് മതില്‍ചാടി കടക്കുന്നു. അതീവ സുരക്ഷാ മേഖലായായിരുന്നിട്ടും കുഴി കുത്തി കല്ലു സ്ഥാപിക്കുന്നതുവരെ ആരും കാണുകയോ അറിയുകയോ ചെയ്തില്ല.

ബി.ജെ.പി കല്ലിടല്‍ വീഡിയോ പുറത്തുവിട്ടതോടെ നാണക്കേടിന്റെ പടുകുഴിയിലേക്കു വീഴുന്നത് സര്‍ക്കാരിന്റെ സുരക്ഷാ സംവിധാനങ്ങളാണ്. ചുറ്റും പോലീസ് കാവലുള്ള, സിസിടിവി അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങളുള്ള അതീവ സുരക്ഷാ മേഖലയാണ് നന്തന്‍കോടും ക്ലിഫ് ഹൗസ് വളപ്പും. എന്നിട്ടും ബി.ജെ.പി പ്രവര്‍ത്തകര്‍ ഇതിനുള്ളില്‍ പ്രവേശിച്ചത് സുരക്ഷാ ഉദ്യോഗസ്ഥരോ ഇവരുടെ വരവ് രഹസ്യാന്വേഷണ വിഭാഗങ്ങളോ അറിഞ്ഞില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അടക്കം ഉത്തരം മുട്ടിക്കുന്നതാണ് നടപടി.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് മുന്‍കൂട്ടി പ്രഖ്യാപിച്ച പദ്ധതിയാണ് യുവമോര്‍ച്ച നടപ്പാക്കിയതെന്നു പറയുമ്പോള്‍ സുരക്ഷാ വീഴ്ചയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. മുരുക്കുംപുഴയില്‍ സ്ഥാപിച്ച കെ ശറയില്‍ അതിരടയാള കല്ലുമായി വി.വി. രാജേഷിന്റെ നേതൃത്വത്തിലാണ് ഇരുചക്രവാഹനങ്ങളില്‍ ദേവസ്വം ബോര്‍ഡ് ജംഗ്ഷനിലെത്തിച്ചത്. മാര്‍ച്ച് ഇവിടെ പോലീസ് തടഞ്ഞിരുന്നു. ഇതിനിടെയാണ് പോലീസിനെ നാണം കെടുത്തി ഒരു വിഭാഗം പ്രവര്‍ത്തകള്‍ സുരക്ഷാ സംവിധാനങ്ങളെ കീറി മുറിച്ച് ക്ലിഫ് ഹൗസ് വളപ്പിനുള്ളിലെത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച കല്ലുകള്‍ വരും ദിവസങ്ങളില്‍ മന്ത്രിമാരുടെ വീടുകളിലും എം.എല്‍.എമാരുടെ വീടുകളിലും സ്ഥാപിക്കുമെന്ന് വി.വി. രാജേഷ് പ്രഖ്യാപിക്കുകയും ചെയതു.

ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു മുഖ്യമന്ത്രി മടങ്ങിയ അതേസമയത്തു തന്നെയാണ് തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലെത്തിയതെന്നതു യാദൃശ്ചികവും. ബി.ജെ.പിയുടെ കല്ലിടല്‍ സര്‍ക്കാരിനും സി.പി.എമ്മിനും സൃഷ്ടിക്കുന്നത് വലിയ ക്ഷിണമാണ്. അതിനാല്‍ തന്നെ, പോലീസിന്റെ തലപ്പത്ത് അതെന്തു ചലനം സൃഷ്ടിക്കുമെന്ന് വരും നാളുകളില്‍ വ്യക്തമാകും.

LEAVE A REPLY

Please enter your comment!
Please enter your name here