കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം രണ്ടുവരെ നീട്ടി.
ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കരുതെന്ന് ജോളിയുടെ അഭിഭാഷകന് ആവശ്യപ്പെട്ടെങ്കിലും കോടതി ഇക്കാര്യം അംഗീകരിച്ചില്ല. ആളൂര്‍ ജോളിയുടെ വക്കാലത്തെടുത്തത് തെറ്റിദ്ധരിപ്പിച്ചാണെന്നും ഇതു ധാര്‍മ്മികതയ്ക്കു വിരുദ്ധമാണെന്നും വ്യക്തമാക്കി താമരശ്ശേരി ബാര്‍ അസോസിയേഷന് രംഗത്തെത്തി.
സൗജന്യമായി നിയമസഹായം നല്‍കേണ്ടത് ബാര്‍ അസോസിയേഷനാണെന്നും ഇതിനായി തയാറാക്കിയ പട്ടികയില്‍ ആളൂരില്ലെന്നും അസോസിയേഷന് പ്രതിനിധി കോടതിയെ അറിയിച്ചു. എന്നാല്‍ ജോളി വിദ്യാഭ്യാസമുള്ള സ്ത്രീയാണെന്നും ഇക്കാര്യത്തില്‍ പരാതി ബോധിപ്പിച്ചാല്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.