മലപ്പുറം: അസമില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളിയായി കേരളത്തില്‍ ഒളിവു ജീവിതം തുടങ്ങി. അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കപ്പെട്ടിരുന്ന സോനിത്പുര്‍ സ്വദേശി അസ്മത് അലിയെ മലപ്പുറത്തു നിന്ന് നിലമ്പൂര്‍ പോലീസ് പിടികൂടി. ഇയാളുടെ സഹായി അമീര്‍ ഖുസ്മുവിനെയും കസ്റ്റഡിയിലെടുത്തു.
വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെയടക്കം വേട്ടയാടിയശേഷം ഒളിവില്പോയപ്പോഴാണ് അസം പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിച്ചത്. വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിരവധി ക്രിമിനല്‍ കേസുകളിലും ഇയാള്‍ പ്രതിയാണ്. സുരക്ഷിത സ്ഥലമെന്ന നിലയിലാണ് നിലമ്പൂരില്‍ എത്തിയത്. ഇയാളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പരാജയപ്പെട്ടിരുന്നു. ബന്ധുക്കള്‍, വീട്ടുകാര്‍ എന്നിവരുമായി ഇയാള്‍ കുറച്ച് കാലമായി ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് അസ്മത്ത് അലി നിലമ്പൂരില്‍ ഉണ്ടെന്ന വിവരം അസം പോലീസിനു ലഭിച്ചത്.
അസം പോലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നിന്നു നിലമ്പൂര്‍ പോലീസ് പിടികൂടിയത്. അസം പോലീസ് നിലമ്പൂരിലെത്തിയിട്ടുണ്ട്. വൈകാതെതന്നെ ഇയാളെ അസമിലെത്തിക്കുമെന്നാണ് വിവരം. നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ വിഷ്ണുവും സംഘവുമാണ് ഇന്നു രാവിലെ ഇയാളെ പിടികൂടിയത്.