തിരുവനന്തപുരം: അപകടസ്ഥലത്ത് നല്ലരീതിയില്‍ മദ്യപിച്ച രീതിയില്‍ കണ്ട, മ്യൂസിയം സ്‌റ്റേഷന്‍ എസ്.ഐക്ക് മദ്യപിച്ചിട്ടുണ്ടെന്ന് തോന്നിയ, ജനറല്‍ ആശുപത്രിയിലെത്തിക്കുമ്പോള്‍ മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന് ഡോക്ടര്‍ കുറിച്ച യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനാ റിപ്പോര്‍ട്ട് എന്തായിരിക്കും ? കേസില്‍ ശ്രീറാമിനു ദോഷം ചെയ്യാത്ത പരിശോധനാ റിപ്പോര്‍ട്ട് വരുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കുകയാണ്. സ്വകാര്യാശുപത്രിയിലെത്തിയ ശ്രീറാം വെങ്കിട്ടരാമന്‍ ശരീരത്തിലെ ലഹരിയുടെ അളവു കുറയ്ക്കാനുള്ള മരുന്നുകള്‍ സ്വീകരിച്ചുവെന്നാണ് അഭ്യൂഹം.

കൈയ്ക്ക് വേദനയും നീരുമുണ്ടെന്ന് പറഞ്ഞതോടെ ഒരു പോലീസുകാരനൊപ്പം ശ്രീറാമിനെ ആദ്യം ജനറല്‍ഹോസ്പിറ്റലിലാണ് എത്തിച്ചത്. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന സംശയം ഡ്യൂട്ടിഡോക്ടര്‍ ഉന്നയിച്ചിട്ടും രക്തസാമ്പിളെടുക്കാന്‍ ശ്രീറാം സമ്മതിച്ചില്ല. ഒപ്പമുണ്ടായിരുന്ന പോലീസും ആ ആവശ്യം ഉന്നയിക്കാതെ വന്നതോടെ കൈയ്യിലെ പരുക്കുമാത്രം വച്ചുകെട്ടി വിടുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ അനുമതിയില്ലാതെ തന്നെ ശ്രീറാം വെങ്കിട്ടരാമന്‍ സ്വകാര്യ ആശുപത്രിയിലെത്തിയത്.

കൊല്ലപ്പെട്ടത് ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകനായതോടെ വാര്‍ത്തകളും പോലീസിന്റെ കള്ളക്കളിയും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടുകൊണ്ടിരുന്നു. എന്നിട്ടും സ്വകാര്യ ആശുപത്രിയിലെത്തി രക്തസാമ്പിള്‍ ശേഖരിക്കാന്‍ പോലീസും തയ്യാറായില്ല. സമയംകഴിഞ്ഞാലും ലഹരിയുടെ അളവ് കണ്ടെത്താമെന്ന വിചിത്രന്യായമാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ലഹരിയുടെ അളവ് പെട്ടെന്നു കുറയ്ക്കാനുള്ള കുത്തിവെയ്പ് എടുത്ത ശ്രീറാമിന് ആവശ്യത്തിനുള്ള സമയം അനുവദിച്ചുനല്‍കുകയെന്ന തന്ത്രമാണ് പോലീസ് പയറ്റിയത്.

അത്തരമൊരു നീക്കം ഫലപ്രദമായാല്‍ നിയമക്കുരുക്കില്‍ നിന്നും എളുപ്പത്തില്‍ രക്ഷപ്പെടാന്‍ ശ്രീറാമിന് കഴിയുമെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതോടെയാണ് ഇതുവരെയും പുറത്തുവന്നിട്ടില്ലാത്ത രക്തപരിശോധനാ റിപ്പോര്‍ട്ട് സംബന്ധിച്ച് പലതരം അഭ്യൂഹങ്ങള്‍ പടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here