സ്‌കാനിയ കരാറിന്റെ ഗോഡ്ഫാദര്‍ ആര് ? ‘നഷ്ടത്തിലോടിക്കാന്‍’ 10 ബസുകള്‍ കൂടി വരുന്നു

0

തിരുവനന്തപുരം: പത്തു സ്‌കാനിയ ബസുകള്‍ വാടകയ്ക്ക് എടുത്ത് ഓടിച്ചതിലുടെ കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം ഒരു കോടി രൂപ ! ഇൗ നഷ്ടവും പേരുദോഷവും പോരാഞ്ഞിട്ട് പുതുതായി പത്തെണ്ണം കൂടി കൊണ്ടുവന്നാലോ ?

ചില ഉന്നതരുടെ ‘പ്രത്യേക’ താല്‍പര്യപ്രകാരം കെ.എസ്.ആര്‍.ടി.സി പുതുതായി പത്തു സ്‌കാനിയ ബസുകള്‍ കൂടി ഓടിക്കാന്‍ തയാറെടുക്കുന്നു. ഒരു മാസത്തിനുള്ളില്‍ ഈ ബസുകള്‍ സര്‍വീസ് തുടങ്ങും. അഞ്ചു ദീര്‍ഘദൂര സര്‍വീസുകള്‍ കൂടി വാടകയ്‌ക്കെടുക്കുന്ന സ്‌കാനിയ ബസുകള്‍ക്ക് വിട്ടുകൊടുക്കാനുള്ള നടപടികള്‍ കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്ത് അന്തിമഘട്ടത്തിലാണ്.

2017 നവംബര്‍ ഒന്നു മുതലാണ് പത്തു സ്വകാര്യ സ്‌കാനിയ ബസുകള്‍ വാടകയ്ക്ക് ഏറ്റെടുത്ത് ഓടിച്ചു തുടങ്ങിയത്. കിലോമീറ്ററൊന്നിന് 23 രൂപ നിരക്കിലാണ് കമ്പനിക്ക് നല്‍കേണ്ടത്. 2018 മാര്‍ച്ച് വരെയുള്ള കണക്കു പ്രകാരം ഈ സര്‍വീസുകളില്‍ കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം 66.7 ലക്ഷം രൂപയാണ്. ഇപ്പോഴിത് ഒരു കോടിയോട് അടുക്കുകയാണ്. ഇത്രയും നഷ്ടം സംഭവിക്കുമ്പോഴും കരാറിലുള്ള കാര്യങ്ങള്‍ കമ്പനിയെ കൊണ്ടു നടത്തിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. അപകടമുണ്ടായി ഒരു മാസത്തോളം ബസുകളിലൊന്നു ഓടിക്കാന്‍ കഴിയാതിരുന്നപ്പോള്‍ പകരം ബസ് വരുകയോ ഇതിനെതിരെ നടപടി സ്വീകരിക്കുകയോ ഉണ്ടായില്ല. പകരം സ്വന്തം റൂട്ടു മുടക്കി സ്വന്തം ബസുകൊണ്ട് അഡ്ജസ്റ്റ് ചെയ്തുകൊടുത്തു.

ബസുകളുടെ ഓട്ടം കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം വരുത്തിവയ്ക്കുമ്പോള്‍ ഒരുതരത്തില്‍ ലാഭം കൊയ്യുന്നത് മഹാരാഷ്ട്രയിലെ എന്‍.സി.പി നേതാക്കളാണ്. മഹാരാഷ്ട്രയിലെ മഹാരോയേജ് കമ്പനിയില്‍ നിന്നാണ് ബസുകള്‍ എത്തിച്ചിട്ടുള്ളത്. എന്‍.സി.പിയുടെ മുംബൈ മേഖലാ നേതാവ് നന്ദര്‍ പുരുഷോത്തന്‍ മാനേയുടെ സഹോദരന്‍ വിക്രം പുരുഷോത്തമന്‍ മാനേ അടക്കമുള്ള നിരവധി നേതാക്കള്‍ക്ക് ഈ കമ്പനിയില്‍ പങ്കാളിത്തമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷനില്‍ അടക്കം നിലവിലെ കരാര്‍ റദ്ദാക്കി ലാഭം വര്‍ദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മാനേജുമെന്റ് വാദിക്കുന്നു. എന്നിട്ടും വലിയ നഷ്ടം വരും മാസങ്ങളിലും വരുത്തുന്ന കരാര്‍ തുടരണോയെന്ന് ആലോചിക്കേണ്ടവര്‍ കൂടുതല്‍ ബസുകള്‍ എത്തിക്കാന്‍ നിര്‍ദേശിക്കുന്ന വിചിത്ര നടപടിയാണ് അരങ്ങേറുന്നത്. തലപ്പത്തുള്ളവരുടെ പ്രത്യേക താല്‍പര്യമാണ് വാടക സ്‌കാനിയ കരാറെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് അരക്കിട്ട് ഉറപ്പിക്കുന്ന രീതിയിലാണ് 10 ബസുകള്‍ കൂടി എത്താന്‍ പോകുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here