കാന്‍പൂര്‍: കരളും മറ്റ് ആന്തരിക അവയവങ്ങളും ചൂഴ്‌ന്നെടുത്ത് ക്രൂരമായി കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ കരള്‍ ഭക്ഷിച്ചാല്‍ കുട്ടികളുണ്ടാകുമെന്ന് വിശ്വസിച്ചാണ് ഏഴു വയസുകാരിയെ ഈ ഹീനകര്‍മ്മത്തിന വിധേയയാക്കിയതെന്ന് റിപ്പോര്‍ട്ട്. കൊലപാതകത്തിനു മുമ്പ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും പോലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട്, ഭദ്രസ് ഗ്രാമത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വര്‍ഷങ്ങളായി കുട്ടികള്‍ ഉണ്ടാകാതിരുന്ന ദമ്പതികള്‍ കരള്‍ ഭക്ഷിച്ചാല്‍ കുട്ടികളുണ്ടാകുമെന്ന അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടംഗ സംഘത്തിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആയിരം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. കരള്‍ ലഭിച്ചാലുടന്‍ രഹസ്യമായി ആഭിചാരക്രിയകള്‍ നടത്താനായിരുന്നു ഇവരുടെ പദ്ധതി.

ശനിയാഴ്ച വൈകുന്നേരം വീട്ടിനു സമീപം കുളിച്ചുകൊണ്ടു നില്‍ക്കുകയായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. ഞായറാഴ്ച രാവിലെ വയല്‍പാടത്ത് പെണ്‍കുട്ടിയുടെ മൃതദേഹം വയറ് പിളര്‍ന്ന് കരളും മറ്റു ആന്തരിക അവയവങ്ങളും എടുത്തുമാറ്റിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ക്വട്ടേഷന്‍ സംഘം കൊലപാതകത്തിനുശേഷം കരള്‍ ദമ്പതികള്‍ക്കു കൈമാറിയെന്ന് പോലീസ് പറയുന്നു. സംശയത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അയല്‍വാസിയായ അങ്കുല്‍, ബീരാന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ശക്തതമായ നടപടികള്‍ കൈക്കൊള്ളുമെന്നും കേസ് അതിവേഗ കോടതി പരിഗണിക്കുമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here