വെളിപാട് സ്വാമി….ജയരാജ സ്വാമി

0
2

ഉണ്ണാതിരുന്ന ഇ.പി. ജയരാജനല്ല, വെളിപാട് ഉണ്ടായത്. പാര്‍ട്ടി ചെലവില്‍ ഉണ്ടും ഉടുത്തും കമ്മ്യൂണിസ്റ്റ് ജീവിതം നയിക്കുന്നതിനിടയിലാണ് ചില വെളിപാടുകള്‍ ഉരുത്തിയുന്നത്. മറ്റുനേതാക്കളെപ്പോലെയല്ല, ഈ ജയരാജന്‍. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇ.പിയുടെ ഇത്തരം അരുളപ്പാടുകള്‍. അത് പുറത്തുവരുമ്പോഴെല്ലാം, പാര്‍ട്ടിയില്‍ ഒച്ചപ്പാടുകള്‍ ഉണ്ടാകുമെന്ന് മാത്രം.

പാര്‍ട്ടി സമ്മേളനങ്ങള്‍ തകൃതിയായി നടക്കുകയാണ്. പല വെളിപാടുകളും ചര്‍ച്ച ചെയ്യുന്ന സമയമാണ്. കമ്യൂണിസ്റ്റുകാര്‍ ആധ്യാത്മിക പ്രഘോഷണങ്ങള്‍ കേള്‍ക്കുന്നതിന് തടസമില്ല. ദൈവികകാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാതെ കെട്ടും കെട്ടി സഖാക്കള്‍ മലകയറണമെന്ന് അടിത്തട്ടില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ള പാര്‍ട്ടിയാണ്.
നേരിട്ട് പങ്കെടുക്കുന്നതില്‍ വൈരുദ്ധ്യം ഫീല്‍ ചെയ്താല്‍, സൈബര്‍ ഇടങ്ങളിലെങ്കിലും ഇത്തരം ആദ്ധ്യാത്മിക യാത്രകള്‍ നടത്തിയാല്‍ മതി. നവമാധ്യമങ്ങളില്‍ കൊടുങ്ങല്ലൂരമ്മയുടെ പടമിടാം. പിന്നെയും സംശയമുണ്ടേല്‍, കൊടുങ്ങല്ലൂരമ്മയെ മനസില്‍ ധ്യാനിച്ച് സൈബര്‍ ശത്രുക്കളെ ‘പൊങ്കാല’യിടാം.

താടി വച്ച മന്ത്രിക്ക് ഗുരുവായൂരപ്പന് പറ നിറയ്ക്കാം, മനം നിറഞ്ഞ് പ്രാര്‍ത്ഥിച്ച് വഴിപാട് കഴിച്ച് പാര്‍ട്ടിയെ ഒരു വഴിയ്ക്കാക്കാം. താടിയെല്ലില്‍ വെടിയുണ്ട നിറച്ച നിര്‍ദോഷിയായ ജയരാജന്‍ ഒരു ആധ്യാത്മിക വെളിപാട് പങ്കുവച്ചാലാണ് സഖാക്കള്‍ക്ക് പ്രശ്‌നം. അല്ലേലും

ഒരു കണ്ണൂരുകാരന് മറ്റൊരു കണ്ണൂരുകാരനെ കണ്ണെടുത്താ കണ്ടൂടാത്ത കാലമാണ്. ഇരുമ്പില്‍ കൊട്ടുവടികൊണ്ടടിച്ച് ഈച്ചയെപ്പോലെ വി.എസിനെ പറപ്പിച്ചൊരു കാലമുണ്ടായിരുന്നൂ ഈ ഇ.പിക്ക്. പിണറായി സഖാവിനത് ഓര്‍മ്മ കാണില്ല.

സഖാക്കളെല്ലാം ഭക്തിമാര്‍ഗരേഖയില്‍ വിശ്വസിച്ചു തുടങ്ങിയെന്ന് വിലയിരുത്തപ്പെടുന്ന കാലമാണ്. എല്ലാരെയും പിടിച്ചുനിര്‍ത്തണം. ആത്യന്തികമായി മനുഷ്യനന്‍മയാണ് കമ്യൂണിസ്റ്റ് ലക്ഷ്യം. അതുകൊണ്ടുതന്നെ മനുഷ്യന് ഉണര്‍വ് ഉണ്ടാകുന്ന എന്തിനെയും പരിപോഷിപ്പിക്കണം. ക്ഷേത്രങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപോലും ചിന്തയെ ഉദ്ദീപിപ്പിക്കും. ഹോമങ്ങളുടെയും പൂജാദികര്‍മ്മങ്ങളുടെയും കാര്യം പറയുകയും വേണ്ട. മനുഷ്യസമൂഹത്തിന്റെ ബോധമണ്ഡലം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്ന ഇത്തരം കാര്യങ്ങളില്‍ പാര്‍ട്ടി സത്വരശ്രദ്ധ ചെലുത്തണം.

കട്ടന്‍ ചായയില്‍ നിന്നും പരിപ്പുവടയിലേക്കുള്ള ദൂരവും മില്‍ക്ക് സര്‍ബത്തില്‍ നിന്ന് ബര്‍ഗറിലേക്കുള്ള ദൂരവും മനസിലാക്കിയ സഖാക്കളാണ് ജയരാജന്‍ അത് വെളിപെടുത്തുമ്പോള്‍ മാത്രം അസഹിഷ്ണുക്കളാകുന്നത്. സത്യം പറയുകയെന്നത് ഒരു കമ്യൂണിസ്റ്റുകാരന്റെ ധര്‍മ്മമാണ്. പക്ഷേ, ഇ. പിക്കു മാത്രം സത്യം പറയാന്‍ പാടില്ല. പാര്‍ട്ടി രഹസ്യം പരസ്യമാക്കുന്നവര്‍ക്കുള്ള ശിക്ഷ അതികഠിനമായിരിക്കും. മന്ത്രിക്കസേരയില്‍ നിന്നോടിച്ച മുഖ്യന്റെ പാര്‍ട്ടി വിവരദോഷം പറഞ്ഞെന്ന പേരില്‍ നിര്‍ദോഷിയായ ഇ.പി. ജയരാജനെ അങ്ങനെ ശിക്ഷിച്ചാല്‍ ദൈവം ചോദിക്കും. അത്രേയുള്ളൂ കാര്യം. അത് കാലം തെളിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here