നാടോടിക്കഥകളിലെ രാജകുമാരന്മാര്‍ക്ക് ചിലപ്പോള്‍ അപ്രത്യക്ഷനാകാനുള്ള കഴിവൊക്കെ ഉണ്ടെന്ന് ഡോള്‍ബിയമ്മൂമ്മ പണ്ടു പറഞ്ഞുതന്നിട്ടുണ്ട്. ഭാവി പ്രധാനമന്ത്രിയാണ്, എന്നൊക്കെ പറഞ്ഞ് പറ്റിക്കുന്നുണ്ട് ചുറ്റിനുമുള്ള പലരും. എന്നിട്ടും എനിക്കെന്താണ് അദൃശ്യനാവാനുള്ള കഴിവ് കിട്ടാഞ്ഞതെന്തെന്ന് മമ്മിയോടുചോദിച്ചു. കണ്ണുമുഴുപ്പിച്ചൊന്നു നോക്കിയതല്ലാതെ ഒന്നുമേ മൊഴിഞ്ഞില്ല.

രാജ്യത്ത് പ്രധാനപ്പെട്ടതെന്തൊക്കെയോ നടക്കുന്നുണ്ടത്രേ. ത്രിപുരയെന്നോ കോങ്കറസുകാര്‍ ഒന്നടങ്കം മോഡിപ്പാര്‍ട്ടിയില്‍ പോയന്നൊക്കെ പറയണുണ്ട്. രഹസ്യം പപ്പുമോന് മാത്രമേ പിടികിട്ടിയിട്ടുള്ളൂ…, ത്രിപുരയിലെ കോങ്കറസ് മാമന്മാരെല്ലാം അപ്രത്യക്ഷരായി നടക്കുവാണ്…മമ്മിയോട് പറഞ്ഞിട്ട് കാര്യമില്ല. രാജ്യത്തെ ജനങ്ങളോട് പറഞ്ഞിട്ടും ഒട്ടുമേ കാര്യമില്ല. ഒരുത്തനും വിശ്വസിക്കില്ല, ഈ രാജകുമാരനോട് തെല്ലുംമമതയില്ലാത്ത കൂട്ടങ്ങളാണ്. കൃത്യസമയത്തുതന്നെ ഇറ്റലിക്കുള്ള വണ്ടിപിടിക്കണം, ഡോള്‍ബിയമ്മൂമ്മയെ കാണണം.

പപ്പുമോനെ കാണാതാവുമ്പോ എല്ലാരും തെരക്കും. അങ്ങനെയെങ്കിലും രാജ്യം എന്നെക്കുറിച്ചോര്‍ക്കട്ടെ. അല്ലാതെ 365 ദിവസോം നാട്ടില്‍നിന്നിട്ട് ഒറ്റയൊരുത്തനും തെരക്കിവന്നിട്ടില്ല. പണ്ട് അമ്പത്ദിവസം തായ്‌ലന്റില്‍ പോയപ്പോഴും ജനം പപ്പുമോനെ തെരക്കി. വ്യപാസ നാ ധ്യാനം കൂടിയതാണെന്നൊക്കെ മമ്മി പറയാന്‍ പറഞ്ഞു. അന്ന് തായ്‌ലന്റാണെങ്കില്‍ ഇന്ന് ‘തായ്’നാടായ ഇറ്റലി. ചെന്നുകേറിയാക്കിലേ, ഡോള്‍ബിയമ്മൂമ്മ ചോദിച്ചത് ത്രിപുരയില്‍ ആരുജയിച്ചെന്നാണ്? വയസാന്‍കാലത്ത് ഓരോ സൂക്കേടേ. കൈയ്യോടെ ആ വായില്‍ രണ്ട് ലഡുതിരുകി വച്ചതുകൊണ്ട് രക്ഷപ്പെട്ടു.

രാജകുമാരന്മാര്‍ അപ്രത്യക്ഷനാകുമെന്ന തിരിച്ചറിവില്ലാത്ത രാജ്യമാണത്രേ ഇന്ത്യ. ഇറ്റലിയില്‍ അങ്ങനല്ലെന്നാണ് അമ്മൂമ്മ പറയണത്. ഇനിയെന്തായാലും ഉടനേയൊന്നും തിരിച്ചുപോണില്ല. നാട്ടിലെ പ്രശ്‌നങ്ങളൊക്കെ ഒന്നടങ്ങീട്ട് പോകാം. ഏതോ ഗതിയില്ലാത്ത കര്‍ഷകര്‍ മുബൈയിലേക്ക് ലോങ്മാര്‍ച്ച് നടത്തുകയാണത്രേ. വെറുതെ അതിനിടയില്‍ചെന്നുകേറിക്കൊടുക്കാനൊന്നും വയ്യ. ഡോള്‍ബിയമ്മൂമ്മയോടൊപ്പം ഹോളിയാഘോഷിക്കാന്‍ വന്ന സ്ഥതിക്ക് ഈ ഇറ്റലി മൊത്തം ജാളിയടിച്ചിട്ടേ തിരിച്ചുപോവൂ. അതൊരു വാശിയാണ്. ഭാവി പ്രധാനമന്ത്രിയുടെ വാശി. അല്ലേലും രാജകുമാരന്മാര്‍ക്ക് നല്ല വാശി കാണുമെന്ന് ഡോള്‍ബിയമ്മൂമ്മ ഇപ്പഴും പറഞ്ഞതേയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here