ദൈവത്തിനു നിരക്കാത്ത വര്‍ത്താനം പറഞ്ഞാല്‍ ഇങ്ങനിരിക്കും. യാഗത്തിലോ ഹോമത്തിലോ ചില്ലറ പൂമൂടലിലോ എന്തിന് പറനിറച്ചു വഴിപാടുകഴിക്കുന്നതിലോ പോലും താത്പര്യമില്ലാത്ത കക്ഷിയാണ്. ‘മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് കേരള’ അല്ലെന്ന് ഇനി പറയില്ലല്ലോ. അതാണ് പണ്ടൊക്കെ പിന്നെപ്പിന്നെ, ഇപ്പൊ ദൈവം കൈയോടെ തരുമെന്ന് പറയുന്നത്.

ചത്തുകിടന്നാലും ചമഞ്ഞുകിടക്കണമെന്നൊരു ചൊല്ല് യെച്ചൂരി സഖാവ് കേട്ടിട്ടുണ്ടാവില്ല. എത്രചമഞ്ഞുകിടന്നാലും ശരിയാകാത്തവിധം ചില ‘മുഖ’ങ്ങളെ പൂക്കലപോലെ ചിതറിച്ച ചരിത്രം ചമച്ച പാര്‍ട്ടികളാണ് പാര്‍ട്ടിയിലുള്ളത്. ആ ഞങ്ങളോടാണ് ഉപദേശം. മദാമ്മാപ്പാര്‍ട്ടിയുമായി സഹകരിച്ചുള്ള പോരാട്ടം ചിന്തിക്കാനേ പറ്റില്ല. തല്‍ക്കാലം കേരളാപ്പാര്‍ട്ടിയായിത്തന്നെ കഴിയുന്നതാണ് നല്ലത്. ഒരിക്കല്‍ ഇന്ത്യാമഹാരാജ്യം ഭരിക്കുമെന്ന മധുരമനോജ്ഞസ്വ പ്‌നം പണ്ടേ നമ്മുക്ക് പറഞ്ഞിട്ടുള്ളതല്ല. കാരാട്ട് സഖാവിന് അതറിയാം. ചരിത്രപരമായ മണ്ടത്തരങ്ങള്‍ വിട്ട് ഒരു കളിയുമില്ല. പിന്തുണ കൊടുത്താലും പ്രധാനമന്ത്രിക്കസേരയിലിരുന്ന് ഇന്ത്യ ഭരിക്കാന്‍ കമ്മ്യൂണിസ്റ്റുകാരെ കിട്ടില്ല. അത് അഖിലലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് നാണക്കേടാകും.

പുര കത്തുമ്പോള്‍ വാഴ വെട്ടരുത് എന്നൊരു ചൊല്ലുമുണ്ട്. അപ്പോഴാണ് ത്രി’പുര’ കത്തുമ്പോള്‍. ഇടയ്‌ക്കൊക്കെ ദേശീയ സഖാക്കള്‍ ഒന്നടങ്ങം ഇങ്ങുപോരണം. ചെന്തെങ്കിന്‍ കരിക്കിന്‍വെള്ളമൊക്കെ തരാനുള്ള ശേഷി ഇപ്പോഴും മാര്‍ക്‌സിസ്റ്റ് കേരളാപ്പാര്‍ട്ടിക്കുണ്ട്. പച്ചവെള്ളംപോലെ മലയാളം അറിയാമെങ്കിലും ഇംഗ്ലീഷേ മൊഴിയൂവെന്ന് ശപഥംചെയ്ത കാരാട്ട് സഖാവിന് നാവുളുക്കാതെ ഇനി മലയാളം പറയാന്‍ നാണക്കേടുണ്ടാവില്ലെന്നതാണ് ഒരാശ്വാസം. തല്‍ക്കാലം കരിക്കിന്‍കുല കിട്ടാതാകുന്ന കാലം ഉടനെങ്ങും ഉണ്ടാവില്ല.

കേരം തിങ്ങും കേരളനാട് കോടിയേരി ഭരിക്കുന്ന കാലം വരും. അതുവരെ മദാമ്മയുമായുള്ള സംബന്ധക്കാര്യം പറഞ്ഞ് ആരും ഇങ്ങോട്ടുവരണ്ട. യെച്ചൂരിയല്ല, ആരുപറഞ്ഞാലും അവന്റെ ക്ലച്ചൂരി വിടും. ഇനി അടങ്ങിയൊതുങ്ങി രാമനാമം ചൊല്ലിക്കഴിയേണ്ട കഴിയേണ്ട കാലമായെന്ന് മലയാളം അറിയാവുന്ന ആരെങ്കിലും പറഞ്ഞുമനസിലാക്കിക്കൊടുത്താ നന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here