സ്വഭാവം വച്ചിട്ട് വിളിക്കേണ്ടത് ‘ചേട്ടാ’ എന്നായിരുന്നു…

0

കൈയക്ഷരംനോക്കി ആളെക്കണ്ടുപിടിക്കുന്ന ട്രിക്കൊക്കെ പണ്ടാണ്. ഇന്ന് ഒരാളുടെ തനികൊണം അറിയണമെങ്കില്‍ നവമാധ്യമങ്ങളിലെ ഇടപെടലുകള്‍ മാത്രം നോക്കിയാല്‍മതി; ആള് ഏതു മൊതലാണെന്നുമാത്രമല്ല, ചരിത്രവും ഭൂമിശാസ്ത്രവും സ്ഥാവരജംഗമ വസ്തുക്കളുടെ കണക്കും അറിയാം. ഫെയ്‌സ്ബുക്ക് എന്നത് മുഖം മാത്രമല്ല ഒന്നാന്തരം മുഖംമൂടിയും കൂടിയാണ്. കണ്ണാടിക്ക് മുന്നില്‍ മുഖംമിനുക്കിയവരെല്ലാം ഇന്ന് നവമാധ്യമങ്ങളില്‍ ആ പണി തുടരുന്നു.

പാവപ്പെട്ടൊരുത്തനെ തല്ലിക്കൊന്ന് പരലോകത്തെത്തിച്ച പരമനാറികളാണെങ്കിലും നല്ലവണ്ണം മുഖംമുനുക്കാന്‍ കിട്ടിയ അവസരത്തെ നന്നായിത്തന്നെ ഉപയോഗിച്ചു. അനിയാ….എന്ന് നീട്ടിവിളിച്ചും അരുതേ…എന്നു നിലവിളിച്ചും കവിതയും കഥയും നിറച്ചു. കൈകള്‍കൂട്ടി ഒരു നിമഷം നിന്നുനോക്കി. പോട്ടം പതിച്ചെടുക്കുന്ന നിമിഷനേരംവരെ നിന്നതിന്റെ പാട് ചെയ്തുനോക്കിയവര്‍ക്കേ അറിയൂ. പിന്നെയാണ് പിടിച്ചുകെട്ടി വച്ച് പഞ്ഞിക്കിടുമ്പോള്‍. സ്വയം വേഷംകെട്ടിയിട്ട പടമെല്ലാം വൈറലാക്കി കൊട്ടിഘോഷിച്ചു. വയറ്റിപ്പിഴപ്പാണ് ക്ഷമിക്കണം.

അട്ടപ്പാട്ടിയിലേക്ക് പോയാല്‍ അട്ട കടിക്കുമെന്ന് കേട്ടിട്ടുണ്ട്. അതുവരെ പോയി ആ അനിയന്റെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനൊക്കെ പാടാണ്. അതിലുമെളുപ്പം ‘അനിയാ….’ എന്ന് നീട്ടിവിളിക്കുന്നതാണ്. ഏതോ ഒരുത്തന്റെ കണങ്കാല്‍ 41 വെട്ടില്‍ കറിക്കരിയുംപോലെ നുറുക്കിയെന്ന് പറഞ്ഞുകേള്‍ക്കുന്നു. ഭാഗ്യത്തിന് സംഭവം ഇവിടെയല്ല, അങ്ങ് ഉഗാണ്ടയിലോ മറ്റോ ആണ്. അല്ലേല്‍ വല്ല ബി.ജെ.പി. ഭരണത്തില്‍ കീഴിലാകും. അല്ലാതെ സോഷ്യലിസ്റ്റ് പിണറായി സര്‍ക്കാരിന്റെ കീഴിലല്ല. അനിയാ എന്നുവിളിക്കുംമുമ്പേ, ”അരുതേ…” എന്ന് രണ്ടുവരി കുറിക്കേണ്ടതല്ലേ എന്നു ചോദിക്കുന്നവരുണ്ട്. പാര്‍ട്ടിചാനലിന്റെ തലപ്പത്തിരിക്കുമ്പോള്‍ ‘തലപ്പാവ്’ അഴിച്ചുവയ്‌ക്കേണ്ടതില്ലല്ലോ. പ്രായത്തിന്റെ കാര്യത്തില്‍, സ്വഭാവം വച്ചിട്ട് ഒന്നരവയസുകാരനെയും ‘ചേട്ടാ’ എന്ന് വിശേഷിപ്പിക്കേണ്ടതാണ്. അതുണ്ടായില്ലെന്ന പരിഗണയെങ്കിലും തരണം.

കോടികളുടെ ആദിവാസിഫണ്ട് കാലങ്ങളായി വെട്ടിച്ച് തിന്നവന്‍മാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ആരും പറഞ്ഞുകേട്ടില്ല. അരി എടുത്തവനെ യാത്രയാക്കി, അഴിമതി നടത്തുന്നവരെ ഇനിയും അരിയിട്ടുവാഴ്ത്തും. പ്രമുഖര്‍ക്കൊപ്പം മുഖംമുനുക്കിയ നമ്മള്‍ മധുവിനോട് മരണശേഷവും ചെയ്ത ക്രൂരത ഒന്നേയുള്ളൂ. ഫെയ്‌സ്ബുക്കിലിടാന്‍ കൈകള്‍ കൂട്ടിക്കെട്ടി പടം പിടിക്കാന്‍ നിന്നുതന്നവരെ തിരികെ കൈയഴിച്ചുവിട്ടു. അതുവേണ്ടീയിരുന്നില്ല. കൈയിലി അഴിപ്പിച്ച് കൈകള്‍ കൂട്ടിക്കെട്ടി നില്‍ക്കേണ്ടിവന്ന മധുവിനോളം വലുതല്ല പുതിയ കൈലി വാങ്ങി പാടുവീഴാതെ പാടുപെട്ട് കൈകെട്ട് വേഷംകെട്ടിയവര്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here